Saturday, July 27, 2024

HomeWorldചൈനയിലെ മുസ്‌ലിം തടങ്കല്‍ പാളയങ്ങള്‍ തുറന്നുകാട്ടിയ മേഘയ്ക്ക് പുലിസ്റ്റര്‍ അവാര്‍ഡ്

ചൈനയിലെ മുസ്‌ലിം തടങ്കല്‍ പാളയങ്ങള്‍ തുറന്നുകാട്ടിയ മേഘയ്ക്ക് പുലിസ്റ്റര്‍ അവാര്‍ഡ്

spot_img
spot_img

ന്യൂയോര്‍ക്ക്: ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്‌ലിംകളെ തടവില്‍ പാര്‍പ്പിച്ചതിന്‍െറ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജയായ മാധ്യമപ്രവര്‍ത്തക മേഘ രാജഗോപാലന് പുലിസ്റ്റര്‍ അവാര്‍ഡ്. ആയിരക്കണക്കിന് മുസ്‌ലിംകളെ തടവിലാക്കാന്‍ ചൈന രഹസ്യമായി നിര്‍മിച്ച ജയിലുകളുടെയും തടങ്കല്‍പ്പാളയങ്ങളുടെയും അവിടത്തെ സൗകര്യങ്ങളുടെയും വിവരങ്ങള്‍ തുറന്നുകാട്ടിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കാണ് പുലിറ്റ്‌സര്‍ പുരസ്കാരം ലഭിച്ചത്. അമേരിക്കയിലെ മികച്ച ജേണലിസം അവാര്‍ഡ് നേടിയ രണ്ട് ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ബസ്സ്ഫീഡ് ന്യൂസിലെ മേഘ രാജഗോപാലന്‍.

ഇവരുടെ സിന്‍ജിയാങ് പരമ്പര അന്താരാഷ്ട്ര റിപ്പോര്‍ട്ടിംഗ് വിഭാഗത്തിലാണ് പുരസ്കാരത്തിന് അര്‍ഹമായത്. 2017ലാണ് മേഘ സിന്‍ജിയാങ് സന്ദര്‍ശിക്കുന്നത്. ഈ കാലഘട്ടത്തില്‍ തടങ്കല്‍ പാളയങ്ങള്‍ ഇല്ലെന്നായിരുന്നു ചൈനീസ് വാദം. എന്നാല്‍, മേഘയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അവരുടെ വിസ റദ്ദാക്കുകയും ചൈനയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.

ഇതിനുശേഷവും ലണ്ടനില്‍നിന്ന് മേഘ തടങ്കല്‍ പാളയങ്ങള്‍ സംബന്ധിച്ച അന്വേഷണം തുടര്‍ന്നു. ഇവരെ സഹായിക്കാന്‍ രണ്ടുപേരും കൂടെയുണ്ടായിരുന്നു. വാസ്തുവിദ്യയുടെ ഫോറന്‍സിക് വിശകലനത്തിലും കെട്ടിടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളിലും വിദഗ്ധനായ ലൈസന്‍സുള്ള ആര്‍ക്കിടെക്റ്റ് അലിസണ്‍ കില്ലിംഗ്, ഡാറ്റാ ജേണലിസ്റ്റുകള്‍ക്ക് അനുയോജ്യമായ സോഫ്റ്റവെയറുകള്‍ നിര്‍മിക്കുന്ന പ്രോഗ്രാമര്‍ ക്രിസ്‌റ്റോ ബുഷെക് എന്നിവരായിരുന്നു സഹായികള്‍.

സിന്‍ജിയാങ് മേഖലയിലെ ആയിരക്കണക്കിന് ഉപഗ്രഹ ചിത്രങ്ങള്‍ ഇവര്‍ വിശകലനം ചെയ്തു. ഒരു ലക്ഷം ഉയ്ഗൂര്‍, കസാഖ്, മറ്റ് മുസ്‌ലിം ന്യൂനപക്ഷങ്ങളെ ചൈനീസ് ഉദ്യോഗസ്ഥര്‍ എവിടെയാണ് പാര്‍പ്പിക്കുന്നതെന്ന് മനസ്സിലാക്കാനായി മാസങ്ങളോം ഇവര്‍ പ്രയത്‌നിച്ചു. സെന്‍സര്‍ ചെയ്ത ചൈനീസ് ചിത്രങ്ങളെ സെന്‍സര്‍ ചെയ്യാത്ത മാപ്പിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് താരതമ്യപ്പെടുത്തി. ഇങ്ങനെ 50,000 സ്ഥലങ്ങളുടെ ചിത്രങ്ങള്‍ അവര്‍ക്ക് ലഭിച്ചു.

ആ ചിത്രങ്ങളെ അപഗ്രഥിക്കാന്‍ ബുഷെക് പ്രത്യേക സോഫ്റ്റ്‌വെയര്‍ ഒരുക്കി. തുടര്‍ന്ന് ഇവര്‍ ഓരോ ചിത്രങ്ങളും പരിശോധിച്ചു. ഇതില്‍നിന്ന് 260 തടങ്കല്‍പ്പാളയങ്ങള്‍ ഇവര്‍ തിരിച്ചറിഞ്ഞു. ചില സ്ഥലങ്ങളില്‍ പതിനായിരത്തിലധികം ആളുകളെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. ചിലത് ഫാക്ടറികളാണ്. തടങ്കല്‍ പാളയത്തിലുള്ളവരെ വെച്ചാണ് ഇവിടെ ജോലി ചെയ്യിപ്പിക്കുന്നത്.

ചൈനയില്‍ നിന്ന് വിലക്കപ്പെട്ട രാജഗോപാലന്‍ അയല്‍ രാജ്യമായ കസാക്കിസ്ഥാനിലേക്ക് പോവുകയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇവിടെ അഭയം തേടിയ ചൈനീസ് മുസ്‌ലിംകളെ അവര്‍ നേരിട്ട് കണ്ടു. അവരുടെ തടങ്കല്‍ പാളയത്തിലെ അനുഭവങ്ങളും പ്രസിദ്ധീകരിച്ചു.

21 വിഭാഗങ്ങളിലാണ് പുലിറ്റ്‌സര്‍ സമ്മാനം വര്‍ഷം തോറും നല്‍കുന്നത്. 20 വിഭാഗങ്ങളില്‍ ഓരോ വിജയിക്കും സര്‍ട്ടിഫിക്കറ്റും 15,000 യു.എസ് ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിക്കും. പബ്ലിക് സര്‍വിസ് വിഭാഗത്തിലെ വിജയിക്ക് സ്വര്‍ണ മെഡലാണ് സമ്മാനം.

ഇത്തവണ ബ്രേക്കിങ് ന്യൂസിനുള്ള പുരസ്കാരം സ്റ്റാര്‍ ട്രിബ്യൂണ്‍ കരസ്ഥമാക്കി. ജോര്‍ജ് ഫ്‌ലോയിഡിന്‍െറ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തതിനാണ് പുരസ്കാരം. ജോര്‍ജ് ഫ്‌ലോയിഡിന്‍െറ മരണ ശേഷമെടുത്ത അമേരിക്കന്‍ നഗരങ്ങളിലെ ചിത്രങ്ങള്‍ അസോസിയേറ്റഡ് പ്രസിലെ ഫോട്ടോഗ്രാഫറെ മികച്ച വാര്‍ത്താ ചിത്രത്തിനുള്ള പുരസ്കാരത്തിന് അര്‍ഹനാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments