Sunday, September 8, 2024

HomeMain Storyകൊവിഡ് മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

spot_img
spot_img

തിരുവനന്തപുരം: കൊവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് നടപ്പിലാക്കേണ്ട ആക്ഷന്‍ പ്ലാന്‍ ആവിഷ്‌ക്കരിച്ചു. മൂന്നാം തരംഗം മുന്നില്‍ക്കണ്ട് പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. അതിനാവശ്യമായ വാക്‌സിന്‍ ലഭ്യമാക്കേണ്ടതുണ്ട്. അതിനുള്ള സൗകര്യങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കണം. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും പരമാവധി സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ചെയ്യാനറിയാത്ത സാധാരണക്കാര്‍ക്കായി രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സീന്‍ വിതരണം സുഗമമായി നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാറിന്റെ ഫലപ്രദമായ ഇടപെടലും ലോക്കേഡൗണും രണ്ടാം തരംഗത്തിന്റെ തീവ്രത കുറയാന്‍ സഹായിച്ചിട്ടുണ്ട്.

നിലവില്‍ കൊവിഡിനായി മാറ്റിവച്ചിരിക്കുന്ന കിടക്കകളില്‍ 47 ശതമാനത്തില്‍ മാത്രമാണ് രോഗികളുള്ളത്. എന്നാല്‍, മൂന്നാം തരംഗമുണ്ടാകുന്നത് മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കും. ഓക്‌സിജന്‍ കിടക്കകള്‍, ഐ.സി.യു, വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണവും വര്‍ധിപ്പിക്കും.

ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്തും. അനുവദിച്ച ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. മരുന്നുകള്‍, ഉപകരണങ്ങള്‍, പരിശോധനാ സാമഗ്രികള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നേരത്തെ തന്നെ സംഭരിക്കാന്‍ കെ.എം.എസ്.സി എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്ന് കണ്ട് സര്‍ജ് പ്ലാന്‍ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരികയാണ്. മെഡിക്കല്‍ കോളജുകള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പീഡിയാട്രിക് സൗകര്യങ്ങള്‍ ഉയര്‍ത്താന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി വിദഗ്ധ പരിശീലനവും തുടങ്ങിക്കഴിഞ്ഞു.

പീഡിയാട്രിക് ഐ സി യു കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഐ.സി.യു ജീവനക്കാര്‍ക്ക് ഇടയ്ക്കിടയ്ക്ക് വിദഗ്ധ പരിശീലനവും ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പരിശീലനവും നല്‍കണം.

കുടുംബത്തിലെ ഒരംഗത്തില്‍ നിന്നും മറ്റുള്ളവരിലേക്ക് കൊവിഡ് പകരുന്നവരുടെ എണ്ണം കൂടി വരികയാണ്. അതിനാല്‍ തന്നെ കുടുംബാംഗങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം. വീട്ടില്‍ സൗകര്യമില്ലാത്തവരെ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും.

മരണം കൂടുന്നതിനാല്‍ പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നീ ഹൈ റിസ്‌ക് വിഭാഗത്തെ കേന്ദ്രീകരിച്ച് പ്രത്യേക അവബോധം നടത്തും. ഇത്തരത്തിലുള്ളവരുടെ വീടുകളില്‍ ആരെങ്കിലും കൊവിഡ് പോസിറ്റീവായാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

ജില്ലകളിലെ നിലവിലെ അവസ്ഥയും ജില്ലാതല ഒരുക്കങ്ങളും ഇനി ചെയ്യേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. ജില്ലാ തലത്തില്‍ ആശുപത്രികളില്‍ നിലവിലുള്ള സംവിധാനങ്ങളും ഇനി ആവശ്യമായതും സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നാളെത്തന്നെ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു പരിപാടിയും ആരോഗ്യ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments