തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതോടെ സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ തുറക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ഇത് അത്ര പെട്ടെന്ന് സാധ്യമാവില്ലെന്നാണ് ഇപ്പോള്‍ ഉറപ്പായിരിക്കുന്നത്.
ആപ്പ് വഴി ബുക്ക് ചെയ്ത് മാത്രമേ മദ്യവില്‍പന ഉണ്ടാകൂ എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ കുറേ കാലമായി ബെവ് ക്യു ആപ് പ്രവര്‍ത്തനക്ഷമം അല്ല. അതുകൊണ്ട് തന്നെ, ആപ്പ് പ്രവര്‍ത്തനക്ഷമമാകാതെ മദ്യവില്‍പന തുടങ്ങാന്‍ സാധിക്കില്ല.
ജൂണ്‍ 16 രാത്രി 12 മണിക്ക് സംസ്ഥാന വ്യാപകമായ ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയാണ്. 17 മുതല്‍ മദ്യവില്‍പന തുടങ്ങും എന്നാണ് അറിയിച്ചിരുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ ആയിരിക്കും വില്‍പന എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ബെവ് ക്യു ആപ്പ് പൂര്‍ണമായും ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമല്ല. പ്രായോഗിക തടസ്സങ്ങള്‍ നീക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ബെവ്‌കോ എം.ഡി ഇത് സംബന്ധിച്ച് ആപ്പ് തയ്യാറാക്കിയവരുമായി ചര്‍ച്ച നടത്തും.
ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയും സപ്ലൈകോ വഴിയും ഉള്ള മദ്യ വിതരണത്തില്‍ ആശങ്കകളില്ല. എന്നാല്‍ ഏതൊക്കെ ബാറുകളാണ് മദ്യ വിതരണത്തിന് തയ്യാറുള്ളത് എന്നത് ആപ്പിള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇത് കൂടി ശരിയായാല്‍ മാത്രമേ മൊത്തം മദ്യവിതരണത്തിനുള്ള ബുക്കിങ് തുടങ്ങാന്‍ ആവുകയുള്ളു.
കഴിഞ്ഞ ലോക്ക് ഡൗണിന് ശേഷം ആയിരുന്നു മദ്യവില്‍പനയ്ക്കുള്ള ബെവ് ക്യു ആപ്പ് അവതരിപ്പിച്ചത്. നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം ആപ്പ് ഉപയോഗത്തില്‍ ഉണ്ടായിരുന്നില്ല. പുതിയ സാഹചര്യത്തില്‍ ആപ്പ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കുറഞ്ഞത് അഞ്ച് ദിവസം എങ്കിലും വേണ്ടിവരും എന്നാണ് വിവരം.
ആപ്പിന്റെ സെര്‍വര്‍ സ്‌പേസ് ശരിയാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഒ.ടി.പി അടിസ്ഥാനത്തില്‍ ആണ് ബുക്കിങ് സ്ലോട്ട് അനുവദിക്കുക. ഇതിനായി മൊബൈല്‍ കമ്പനികളുമായി കരാര്‍ ഉണ്ടാക്കുകയും വേണം. ഇതിന് പുറമെയാണ് ബാറുകളുടെ വിവരങ്ങളും ലഭ്യമായ സ്‌റ്റോക്കും അപ്‌ഡേറ്റ് ചെയ്യേണ്ടത്.
സംസ്ഥാനത്ത് രണ്ടാമത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും മുമ്പ് തന്നെ മദ്യശാലകള്‍ അടച്ചിരുന്നു. കൊവിഡ് കേസുകളുടെ എണ്ണം കൂടിയതോടെ ഏപ്രില്‍ 26 ന് ആയിരുന്നു മദ്യശാലകള്‍ അടച്ചത്. ഇപ്പോള്‍ ഒന്നര മാസത്തിലേറെയായി സംസ്ഥാനത്ത് മദ്യവില്‍പന നടക്കുന്നില്ല.
ലോക്ക്ഡൗണ്‍ സമയത്ത് സംസ്ഥാനത്ത് വ്യാജ വാറ്റ് വ്യാപകമായി കൂടിയിരുന്നു. എക്‌സൈസ് വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നെങ്കിലും പലയിടത്തും ഇത്തരത്തിലുള്ള വ്യാജമദ്യം സുലഭമായി ലഭിക്കുന്നുണ്ടായിരുന്നു. മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും ലോക്ക് ഡൗണ്‍ കാലത്ത് കൂടിയിരുന്നു.
ഒന്നര മാസത്തോളം സമ്പൂര്‍ണമായി അടച്ചിട്ടതോടെ ബിവറേജസ് കോര്‍പ്പറേഷനും വലിയ നഷ്ടത്തിലായിരുന്നു. കോടികളുടെ നഷ്ടമാണ് ഈ കാലയളവില്‍ ഉണ്ടായത്. അതോടൊപ്പം മദ്യം സൂക്ഷിക്കുന്നതിനുള്ള ചെലവും ഷോപ്പുകളുടെ വാടകയും വലിയ ബാധ്യതയാണ് സൃഷ്ടിച്ചത്.