കോട്ടയം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ മാണി സി കാപ്പന്‍ ജോസ് കെ മാണിയെ മലര്‍ത്തിയടിച്ചിട്ടും ഇരുവിഭാഗങ്ങളും തമ്മിലുള്ള പോര് പാരമ്പര്യത്തനിമയോടെ തുടരുന്നു.
മാണി സി കാപ്പനും കേരള കോണ്‍ഗ്രസും തമ്മിലെ പാലായിലെ പോരിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. പരസ്പരം മുന്നണി മാറിയപ്പോള്‍ അത് മൂര്‍ച്ഛിക്കുകയാണ് ചെയ്ത്. രണ്ടാം വട്ടം എം.എല്‍.എയായതിന് ശേഷം മണ്ഡലത്തിലെ കുടിവെള്ള പദ്ധതിയുടേ പേരിലാണ് മാണി സി കാപ്പന്‍ കേരള കോണ്‍ഗ്രസ് എമ്മുമായുള്ള പോരാട്ടം തുടരുന്നത്.
പേരിനൊരു ശുദ്ധജല പദ്ധതിപോലും ഇല്ലാത്ത മണ്ഡലത്തില്‍ പദ്ധതിയുടെ പേരിനെ ചൊല്ലിയാണ് രാഷ്ട്രീയപ്പോര് ആരംഭിച്ചത്. മീനച്ചില്‍ താലൂക്കിലെ മലയോര മേഖലകളില്‍ ശുദ്ധജലം എത്തിക്കുന്ന ഒരു പദ്ധതി പാലാ മണ്ഡലത്തില്‍ പ്രഖ്യാപിച്ചിട്ട് കാലങ്ങള്‍ കഴിഞ്ഞു. പക്ഷെ ഭരണം പലതും മാറിയെങ്കിലും പദ്ധതി നടപ്പിലായില്ല.
ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് ആദ്യ തവണ എം.എല്‍.എ ആയതിന് പിന്നാലെ തന്നെ മാണി സി കാപ്പന്‍ ഈ പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോയിരുന്നു. എന്നാല്‍ പദ്ധതിയുടെ പേരിനെ ചൊല്ലി എം.എല്‍.എയും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ വലിയ തര്‍ക്കം ആരംഭിക്കുകയായിരുന്നു.
പദ്ധതിയെ നീലൂര്‍ പദ്ധതിയെന്ന് കേരള കോണ്‍ഗ്രസ് എം വിളിക്കുമ്പോള്‍ രാമപുരം പദ്ധതിയെന്നാണ് എം.എല്‍.എ വിളിക്കുന്നത്. നീലൂര്‍ പദ്ധതിയെന്ന പേരുമായി മുന്നോട്ട് പോവാന്‍ കേരള കോണ്‍ഗ്രസ് ശക്തമായ ഇടപെടല്‍ നടത്തുമ്പോഴും അതിന് ഒരു തരത്തിലും വഴങ്ങില്ലെന്ന നിലപാടിലാണ് മാണി സി കാപ്പന്‍.
എന്നാല്‍ പദ്ധതിക്ക് പേരിടുന്നത് ടെന്‍ഡര്‍ വിളിക്കുമ്പോള്‍ മാത്രമായിരിക്കുമെന്നാണ് ജലവിഭവ വകുപ്പ് മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ റോഷി അഗസ്റ്റിന്‍ വ്യക്തമാക്കുന്നത്. നേരത്തെ നീലൂര്‍ പദ്ധതിയുടെ പേര് രാമപുരമെന്നാക്കി മാറ്റിയത് കഴിഞ്ഞ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തായിരുന്നു.
പദ്ധതി സംബന്ധിച്ചുള്ള ആലോചനാ യോഗം ഇന്നലെ മാണി സി കാപ്പന്‍ എം.എല്‍.എ വിളിച്ച് ചേര്‍ത്തെങ്കിലും കേരള കോണ്‍ഗ്രസ് എം അടക്കമുള്ള എല്‍.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു. 1987ല്‍ എന്‍.എം ജോസഫ് മന്ത്രിയായിരുന്ന കാലത്താണ് നീലൂര്‍ പദ്ധതി ആവിഷ്‌കരിച്ചത്. മലങ്കര റിസര്‍വോയറില്‍ നിന്നു വെള്ളം പൈപ്പ് വഴി എത്തിക്കുന്നതായിരുന്നു പദ്ധതി.
ലോകബാങ്ക് സഹായത്തോടെ 3 കോടി രൂപക്ക് പദ്ധതി തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ ചുവപ്പ് നാടയില്‍ കുടുങ്ങി പദ്ധതി നീണ്ടുപോയി. പിന്നീട് കെമാണി ധനമന്ത്രിയായിരിക്കെ 2012-13 കാലഘട്ടത്തില്‍ പദ്ധതിക്ക് ബജറ്റില്‍ തുക അനുവദിച്ചു.
കടനാട്, രാമപുരം പഞ്ചായത്തുകള്‍ മുഴുവനായും കരൂര്‍, മേലുകാവ് പഞ്ചയാത്തുകളുടെ ചില ഭാഗങ്ങളിലുമാണ് പദ്ധതിയിലൂടെ ജലം എത്തിക്കാന്‍ പദ്ധതിയിടുന്നത്.