ന്യൂഡല്‍ഹി: സ്വര്‍ണാഭണങ്ങള്‍ക്ക് ഹോള്‍മാര്‍കിംഗ് നിര്‍ബന്ധമാക്കി. ഉപഭോക്തൃകാര്യ മന്ത്രി പീയൂഷ് ഗോയല്‍ വിളിച്ചു ചേര്‍ത്ത അസോസിയേഷന്‍ പ്രതിനിധികളുടെയും ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ്) ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് തീരുമാനങ്ങള്‍.
വിവരങ്ങള്‍ ഇങ്ങനെ…
- നിര്‍ബന്ധിത ഹോള്‍മാര്‍കിംഗ് ഘട്ടംഘട്ടമായി നടപ്പാക്കും. 2021 ജൂണ്‍ 16 മുതല്‍ ഒന്നാം ഘട്ടം ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍, ഇന്ത്യയിലെ 741 ജില്ലകളില്‍ കുറഞ്ഞത് ഒരു ഹോള്‍മാര്‍കിംഗ് കേന്ദ്രമുള്ള 256 ജില്ലകളില്‍ മാത്രമേ നിര്‍ബന്ധിത ഹോള്‍മാര്‍കിംഗ് നടപ്പിലാക്കുകയുള്ളൂ. ജില്ലകളുടെ പട്ടിക ഉടന്‍ ബി.ഐ.എസ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും.
- ഒരിക്കല്‍ മാത്രം രജിസ്‌ട്രേഷന്‍ എടുത്താല്‍ മതിയാകും. കാലാവധി കഴിഞ്ഞു പുതുക്കുന്നതിന് യാതൊരു ഫീസും അടക്കേണ്ടതില്ല.
- 40 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ജ്വല്ലറികളെ നിര്‍ബന്ധിത ഹോള്‍മാര്‍കിംഗില്‍ നിന്ന് ഒഴിവാക്കും.
- 2021 ഓഗസ്റ്റ് 31 വരെ ജ്വല്ലറികളില്‍ പരിശോധന, പിഴ, പിടിച്ചെടുക്കല്‍, തുടങ്ങി ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കില്ല.
- ഇന്ത്യാ ഗവണ്‍മെന്റിന്റെ ട്രേഡ് പോളിസി അനുസരിച്ച് ആഭരണങ്ങള്‍ കയറ്റുമതി ചെയ്യുകയും വീണ്ടും ഇറക്കുമതി ചെയ്യുകയും ചെയ്യുക അന്താരാഷ്ട്ര എക്‌സിബിഷനുകള്‍ക്കുള്ള ആഭരണങ്ങള്‍, സര്‍കാര്‍ അംഗീകാരമുള്ള ബി 2 ബി ആഭ്യന്തര എക്‌സിബിഷനുകള്‍ക്കുള്ള ആഭരണങ്ങള്‍ എന്നിവയും നിര്‍ബന്ധിത ഹാള്‍മാര്‍കിംഗില്‍ നിന്ന് ഒഴിവാക്കും.
- 20, 23, 24 എന്നീ കാരറ്റിലുള്ള സ്വര്‍ണാഭരണങ്ങളും ഹാള്‍മാര്‍കിംഗിന്റെ പരിശുദ്ധിയില്‍ ഉള്‍പെടുത്തും.
- വാച്ചുകള്‍, പേനകള്‍, പ്രത്യേക തരം ആഭരണങ്ങളായ കുന്തന്‍, പോള്‍കി, ജാദോ എന്നിവ ഹോള്‍മാര്‍കിംഗില്‍ നിന്ന് ഒഴിവാക്കും.
- ജ്വല്ലറികള്‍ക്ക് ഉപഭോക്താവില്‍ നിന്ന് ഹോള്‍മാര്‍കിംഗ് മുദ്രയില്ലാത്ത പഴയ സ്വര്‍ണാഭരണങ്ങള്‍ തിരികെ വാങ്ങുന്നത് തുടരാം.
- ഹോള്‍ മാര്‍കിംഗ് നടപ്പാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനായി അസോസിയേഷന്‍ പ്രതിനിധികളുടെയും, ബി.ഐ.എസ് ഉദ്യോഗസ്ഥരുടെയും നിയമ വിദഗ്ധരുടെയും പ്രതിനിധികള്‍ ഉള്‍പെടുന്ന ഒരു കമിറ്റി രൂപീകരിക്കും.
- ഹോള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളില്‍ 2 ഗ്രാം വരെയുള്ള മാറ്റങ്ങള്‍ അനുവദിക്കും.
- സ്വര്‍ണപ്പണിക്കാര്‍ക്ക് ഹോള്‍മാര്‍കിംഗ് നിര്‍ബന്ധമില്ല.
- സ്വര്‍ണ വ്യാപാര ശാലകളുടെ പുറത്ത് ‘ഹോള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ ഇവിടെ ലഭ്യമാണ്’ എന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം.
- ജ്വല്ലറികള്‍ക്ക് എച്ച്.യു.ഐ.ഡി ബാധകമല്ല.
രാജ്യത്തെ എല്ലാ ജുവല്ലറികളും ഹോള്‍ മാര്‍കിംഗ് ലൈസന്‍സ് എടുക്കണമെന്നും സമ്പൂര്‍ണ ഹോള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ വില്‍ക്കുന്ന രാജ്യമായി എത്രയും വേഗം മാറണമെന്നും കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ രാജ്യത്തെ സ്വര്‍ണ വ്യാപാരികളോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം അസോസിയേഷന്‍ സമര്‍പിച്ചിട്ടുള്ള നിവേദനത്തിലെ മിക്കവാറും പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും, തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമിറ്റി അറിയിച്ചു.