ചെന്നൈ: രജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി ശനിയാഴ്ച അമേരിക്കയിലേക്ക് തിരിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ഇടയ്ക്കിടെ നടത്താറുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് പോകുന്നതെന്നാണ് അറിയിപ്പ്. പ്രത്യേക വിമാനത്തിലാവും യാത്ര എന്നാണ് അറിയാന്‍ കഴിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജനീകാന്തിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു.
ഇതിന്റെ ഭാഗമായുള്ള പരിശോധനകള്‍ക്കായാണ് യാത്ര. കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പോയസ് ഗാര്‍ഡനിലെ വസതിയിലെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു. ഹൈദരാബാദില്‍ ചിത്രീകരണം നടക്കുന്ന അണ്ണാത്തെ സിനിമയിലെ പ്രധാന രംഗങ്ങളുടെ ഷൂടിങ് താരം പൂര്‍ത്തിയാക്കിയിരുന്നു.
തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് കഴിഞ്ഞ വര്‍ഷാവസാനം രജനി പ്രഖ്യാപിച്ചത്. കടുത്ത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായ അദ്ദേഹത്തെ ചിത്രീകരണം നടക്കുകയായിരുന്ന ‘അണ്ണാത്തെ’യുടെ ലൊകേഷനില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു ആരാധകരെ നിരാശയിലാക്കിയ പ്രഖ്യാപനം.
അതേസമയം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് രജനിയുടെ പുതിയ ചിത്രമായ, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ മീന, ഖുഷ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, ജാകി ഷ്രോഫ്, ജഗപതി ബാബു, പ്രകാശ് രാജ്, സൂരി തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
1975ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് അഭിനയ മികവ് കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുന്ന നായകനായി മാറുകയായിരുന്നു. തമിഴ് ലോകത്ത് പകരം വെക്കാനില്ലാത്ത സൂപ്പര്‍ സ്റ്റാര്‍ കൂടിയാണ് രജനികാന്ത്.