തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് അടിമുടി ഉടച്ചുവാര്‍ക്കും. സംഘടന സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെയും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെയും ഭാഗമായുള്ള പുനസംഘനയ്ക്ക് ഒരുക്കം തുടങ്ങി.
ഹൈക്കമാന്‍ഡ് നേരിട്ട് ഇടപ്പെട്ട് തിരഞ്ഞെടുത്ത കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് കെപിസിസി, ഡിസിസി തലങ്ങളില്‍ പുനഃസംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെയുള്ള ഹൈക്കമാന്‍ഡ് തീരുമാനം കോണ്‍ഗ്രസിന് തുടരാനാകുമോയെന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
പുനസംഘടനയ്ക്കുള്ള മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. ഗ്രൂപ്പുകള്‍ക്കതീതമായി ജംബോ കമ്മിറ്റികളെ ഒഴിവാക്കി കെ.പി.സി.സി, ഡി.സി.സികളെ പുനഃസംഘടിപ്പിക്കുക പുതിയ അധ്യക്ഷന്‍ കെ സുധാകരനെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളി തന്നെയാണ്.
മുന്നൂറോളം ഭാരവാഹികളുള്ള നിലവിലെ കെ.പി.സി.സി ഭാരവാഹി സംവിധാനം 51ലേക്ക് ചുരുക്കാനാണ് സുധാകരന്‍ ലക്ഷ്യമിടുന്നത്. നിര്‍വാഹക സമിതിയടക്കമാണ് ഈ സംഖ്യ സുധാകരന്‍ നിര്‍ദേശിക്കുന്നത്.
എന്നാല്‍ ഈ പദ്ധതി നടപ്പാക്കുന്നതിന് ഗ്രൂപ്പുകളുടെ ഭാഗമായി നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളുടെ പിന്തുണ സുധാകരന് ആവശ്യമാണ്. ജംബോ കമ്മിറ്റകള്‍ വേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം നേതാക്കളെങ്കിലും ഇരു ഗ്രൂപ്പുകള്‍ക്കും തുല്ല്യ പ്രാധാന്യവും പരിഗണനയും വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇരു വിഭാഗവും തയാറാകില്ല. കടുംവെട്ട് പാടില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്.
ഈ സാഹചര്യത്തിലാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചര്‍ച്ച നടത്തുന്നത്.
കെ.പി.സി.സി വര്‍ക്കിങ് പ്രസിന്റുമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങളോടൊപ്പം തങ്ങളുടെ ആലോചനകളും ഇരുവരെയും ബോധിപ്പിക്കുന്നതിനാണ് യോഗം.
ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് രാഷ്ട്രീയകാര്യ സമിയി യോഗം ചേരുന്നത്. കഴിവ് മാത്രമായിരിക്കണം മാനദണ്ഡം എന്നതാണ് പുതിയ പ്രസിഡന്റിന്റെ നിലപാട്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചവരും സ്ഥാനാര്‍ത്ഥികളായി പരാജയപ്പെട്ടവരും ഭാരവാഹിത്വത്തില്‍ നിന്ന് മാറി സംഘടനാരംഗത്ത് സജീവമായി നില്‍ക്കുന്നവര്‍ക്ക് അവസരം നല്‍കണമെന്ന അഭിപ്രായമുള്ളവരും നേതൃനിരയിലുണ്ട്.
കഴിവുള്ളവരാണെങ്കില്‍ എല്ലാവരെയും പരിഗണിക്കണമെന്ന അഭിപ്രായവുമുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തണം. ഡി.സി.സികളിലും സമ്പൂര്‍ണ പൊളിച്ചെഴുത്താണ് സുധാകരന്‍ ആഗ്രഹിക്കുന്നത്. താഴേത്തട്ടില്‍ കുടുംബയൂണിറ്റുകള്‍ രൂപീകരിക്കുക എന്ന ആശയവും സുധാകരനുണ്ട്.
ഇത്തരം കാര്യങ്ങളും രാഷ്ട്രീയ കാര്യസമിതി ചര്‍ച്ച ചെയ്യും. ഒരാള്‍ക്ക് ഒരു പദവി, ഭാരവാഹികള്‍ക്ക് പ്രായ പരിധി, തിരഞ്ഞെടുപ്പില്‍ തോറ്റവര മാറ്റിനിര്‍ത്തല്‍ തുടങ്ങി മാനദണ്ഡങ്ങളും ചര്‍ച്ചയ്ക്ക് വരുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.
ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കി അടുത്ത മാസം 15ന് മുന്‍പ് കെ.പി.സി.സി പുന:സംഘടന പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം.