വാഷിംഗ്ടണ്‍: ലോകത്തുടനീളം 43 രാജ്യങ്ങളിലായി 4.1 കോടി പേര്‍ കൊടുംപട്ടിണിയുടെ പിടിയിലമരാന്‍ ഏറെ വൈകില്ലെന്നാണ് യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) നല്‍കുന്ന സൂചന. ആറു ലക്ഷം പേര്‍ ഇതിനകം പുതുതായി ക്ഷാമവും വറുതിയും പിടികൂടിയവരാണ്.
യുദ്ധങ്ങള്‍, കാലാവസ്ഥ മാറ്റങ്ങള്‍, സാമ്പത്തിക ആഘാതങ്ങള്‍ തുടങ്ങിയവക്കൊപ്പം അവശ്യ വസ്തുക്കള്‍ക്ക് വില കുത്തനെ ഉയരുന്നതും ഭീഷണിയാവുന്നതായി ഡബ്ല്യു.എഫ്.പി റിപ്പോര്‍ട്ട് പറയുന്നു. എത്യോപ്യ, മഡഗാസ്കര്‍, ദക്ഷിണ സുഡാന്‍, യെമന്‍ എന്നിവിടങ്ങളിലാണ് കൊടുംവറുതി ഇതിനകം പിടികൂടിയത്.
നൈജീരിയ, ബുര്‍കിന ഫാസോ എന്നീ രാജ്യങ്ങളിലെ ചിലയിടങ്ങളിലും പട്ടിണി രൂക്ഷമാണ്. ചില രാജ്യങ്ങളില്‍ പട്ടിണി തിരിച്ചറിയാന്‍ അധികൃതര്‍ വൈകുന്നത് 2011ല്‍ സുഡാനിലുണ്ടായ കൂട്ടമരണത്തിന്‍െറ അതേ അനുഭവം ആവര്‍ത്തിക്കാനിടയാക്കുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു. 130,000 പേര്‍ മരിച്ച ശേഷമായിരുന്നു സുഡാനില്‍ ലോകം നടപടിയുമായി രംഗത്തെത്തിയത്.
പതിറ്റാണ്ടുകള്‍ക്കു ശേഷം 2016 മുതല്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ പട്ടിണി അതിവേഗം വര്‍ധിക്കുകയാണ്. 2019ല്‍ 2.7 കോടി പേര്‍ പട്ടിണിക്ക് അരികിലായിരുന്നുവെങ്കില്‍ കോവിഡ് കൂടി എത്തിയതോടെ എണ്ണം കുത്തനെ കൂടി. കഴിഞ്ഞ മേയ് മാസത്തിനുശേഷം ആഗോള വ്യാപകമായി ഭക്ഷ്യ വസ്തുക്കള്‍ക്ക് വില കുടിയതും വില്ലനായി.
ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, പാലുല്‍പന്നങ്ങള്‍, മാംസം, പഞ്ചസാര എന്നിവക്ക് 40 ശതമാനം വരെയാണ് വില ഉയര്‍ന്നത്. ചോളത്തിന് 90 ശതമാനം വില കൂടിയതായും സംഘടന പറയുന്നു. ഗോതമ്പിന് കൂടിയത് 30 ശതമാനം. വെനസ്വേല, നൈജീരിയ, സുഡാന്‍, സിംബാബ്‌വെ എന്നീ രാജ്യങ്ങളില്‍ നാണയത്തിന്‍െറ മൂല്യം ഇടിയുന്നതും വില്ലനാകും.
നിലവില്‍ മൊത്തം ജനസംഖ്യയുടെ ഒമ്പതു ശതമാനം അഥവാ 69 കോടി പേര്‍ ഓരോ ദിവസവും അന്തിയുറങ്ങുന്നത് വിശന്നാണെന്നും ഡബ്ല്യു.എഫ്.പി വ്യക്തമാക്കുന്നു.