Sunday, September 15, 2024

HomeMain Storyജംബോ കമ്മിറ്റി ഒഴിവാക്കി കോണ്‍ഗ്രസ് സെമി കേഡറാവും

ജംബോ കമ്മിറ്റി ഒഴിവാക്കി കോണ്‍ഗ്രസ് സെമി കേഡറാവും

spot_img
spot_img

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഇത് പൊളിച്ചെഴുത്തുകളുടെ കാലം. തുടര്‍ച്ചയായ രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വന്ന കോണ്‍ഗ്രസിന് ശക്തമായ തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തും പ്രതിപക്ഷ നേതൃസ്ഥാനത്തുമെല്ലാം ഹൈക്കമാന്‍ഡ് മാറ്റംകൊണ്ടുവന്നത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കും നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ ഹൈക്കമാന്‍ഡെടുത്ത കടുത്ത തീരുമാനം സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ സ്വഭാവത്തിന് തന്നെ മാറ്റം കൊണ്ടുവരികയാണ്.

നിലവില്‍ മുന്നൂറിലധികം ഭാരവാഹികളാണ് കെ.പി.സി.സിക്ക് ഉള്ളത്. ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായി തുടര്‍ന്ന് പോരുന്ന ഇത്തരം ജംബോ കമ്മിറ്റികള്‍ ഇത്തവണ ഉണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

കെ സുധാകരന്റെ ആദ്യ സംഘടന ദൗത്യം കെപിസിസി, ഡി.സി.സി പുനസംഘടനയാണ്. ഇതോടൊപ്പം അടിത്തട്ട് മുതല്‍ മാറ്റങ്ങള്‍ക്കാണ് കെ സുധാകരന്‍ പദ്ധതിയിടുന്നത്.

നിര്‍വാഹക സമിതി അംഗങ്ങളടക്കം 51 അംഗ എക്‌സിക്യൂട്ടിവ് സമിതിയാകും ഇനി നിലവില്‍ വരുക. ജനറല്‍ സെക്രട്ടറിമാര്‍ 15 മതിയെന്നതായിരുന്നു പ്രധാന തീരുമാനം. മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് പുറമെ അത്രതന്നെ വൈസ് പ്രസിഡന്റുമാരും ഉണ്ടാകും.

കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടന പ്രവര്‍ത്തനം സെമി കേഡര്‍ സംവിധാനത്തിലേക്ക് കൊണ്ടുവരും. ഒരാള്‍ക്കൊരു പദവി മാനദണ്ഡമില്ല. മണ്ഡല, ജില്ലാ തലങ്ങളില്‍ അച്ചടക്കസമിതികളുണ്ടാവും. അവയ്ക്കു മേലുള്ള അപ്പീല്‍ കേള്‍ക്കാന്‍ സംസ്ഥാനതല അച്ചടക്കസമിതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ആരോപണത്തിനിരയായ നേതാക്കളുടെയും വ്യക്തികളുടെയും പരാതികളില്‍ കര്‍ശന നടപടിയുണ്ടാകും.

പുതിയ ഭാരവാഹികളില്‍ സ്ത്രീകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും 10 ശതമാനം വീതം സംവരണമുണ്ടാകുമെന്നും സമിതി യോഗത്തിനു ശേഷം കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി യുവനേതാക്കള്‍ക്കും പ്രാതിനിധ്യം ലഭിക്കുമെന്നാണ് കരുതുന്നത്.

ഡി.സി.സികളിലും സമാനരീതിയില്‍ തന്നെയാണ് കോണ്‍ഗ്രസ് പുനഃസംഘടന ഉദ്ദേശിക്കുന്നത്. നിയോജകമണ്ഡലങ്ങള്‍ കുറവുള്ള ചെറിയ ജില്ലകളായ കാസര്‍കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ സമിതി അംഗസംഖ്യ കുറവായിരിക്കും. ജില്ലാ തലത്തില്‍ അറിയപ്പെടുന്ന നേതാക്കളെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കും. എം.പിമാരെയും, എംഎല്‍എമാരെയും ഒഴിവാക്കും.

ബ്‌ളോക്ക് കമ്മിറ്റിക്ക് മുകളില്‍ നിയോജകമണ്ഡലം കമ്മിറ്റി. താഴെത്തട്ടില്‍ ബൂത്തുതല സമിതികള്‍ക്കു പുറമേ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. ഒരു അയല്‍ക്കൂട്ടത്തിന് 30 മുതല്‍ 50 വീടുകളുടെ വരെ ചുമതല.

പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പരമാവധി അവരിലേക്ക് എത്തിക്കുന്നതിനും ഇതുവഴി സാധിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഇത്തരം സംവിധാനങ്ങള്‍ വഴിയൊരുക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments