മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെരിന്തല്‍മണ്ണ സ്വദേശി ദൃശ്യയെ (21) കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷാണ് സബ് ജയലില്‍ കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അവശനിലയിലായ വിനീഷിനെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദൃശ്യയുടെ അച്ഛന്റെ കട കത്തിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ തെളിവെടുത്ത് നടക്കുന്നതിനിടെയാണ് സംഭവം. വിനീഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
ഈ മാസം 17നായിരുന്നു വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ദൃശ്യയെ വിനീഷ് വീട്ടില്‍ കയറി കുത്തിക്കൊന്നത്. ആക്രമണത്തില്‍ ദൃശ്യയുടെ സഹോദരനും പരിക്കേറ്റിരുന്നു. ഇവരുടെ പിതാവിന്റെ കടയ്ക്ക് തീവച്ച് ശ്രദ്ധ മാറ്റിയതിന് ശേഷമാണ് വിനീശ് ആക്രമിച്ചത്. അടുക്കള വാതിലിലൂടെ വീട്ടിലേക്ക് കയറി പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നു.
വിനീഷും ദൃശ്യയും ഒരുമിച്ച് പഠിച്ചവരാണ്. പലപ്പോഴും ഇയാള്‍ ദൃശ്യയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. വീട്ടിലും വന്നിരുന്നു. ശല്യം തുടര്‍ന്നതോടെ പോലീസില്‍ പരാതി നല്‍കി. പോലീസ് ഇരു രക്ഷിതാക്കളെയും വിളിച്ചുവരുത്തി താക്കീത് നല്‍കി വിടുകയായിരുന്നു. പോലീസില്‍ പരാതിപ്പെട്ടതും വിവാഹം ചെയ്തു തരില്ലെന്ന് പറഞ്ഞതുമാണ് വിനീഷിനെ പ്രകോപിപ്പിച്ചത്.