കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന യുവതി ജീവനൊടുക്കിയതിന്റെ ഝെട്ടല്‍ മാറിയിട്ടില്ല. സമാനമായ ദുരന്തങ്ങള്‍ക്കും കേരളം ഈ അടുത്ത നാളില്‍ സാക്ഷ്യം വഹിച്ചു. ഈ പശ്ചാത്തലത്തില്‍ നടന്‍ സലീം കുമാറിന്റെ പ്രതികരണം വ്യത്യസ്ഥമാകുന്നു. കൊല്ലത്തെ വിസ്മയയുടെ മരണത്തില്‍ തനിക്കും പങ്കുണ്ടെന്ന് പറയുകയാണ് അദ്ദേഹം. ഡി.വൈ.എഫ്.ഐ നടത്തിയ ജാഗ്രതാ സദസില്‍ സംസാരിക്കുകയായിരുന്നു സലീം കുമാര്‍.
സ്ത്രീധനത്തിന്റെ പേരിലുണ്ടാകുന്ന അതിക്രമങ്ങള്‍ ഇല്ലാതാക്കാനും ഒഴിവാക്കാനുമുള്ള മാര്‍ഗം നിര്‍ദേശിക്കുകയാണ് സലീം കുമാര്‍. മലയാളി മനസില്‍ സൂക്ഷിക്കുന്ന സ്ത്രീധനത്തിന്റെ തുലാസുണ്ടെന്നും അത് നീക്കം ചെയ്യുകയാണ് ഇതിനുള്ള വഴി എന്നും അദ്ദേഹം പറയുന്നു. സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജീവിതങ്ങള്‍ എന്ന സന്ദേശത്തിലായിരുന്നു ഡി.വൈ.എഫ്.ഐ പരിപാടി സംഘടിപ്പിച്ചത്.
വിസ്മയയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍. മറ്റൊരു വിഷയം വന്നാല്‍ ഇത് മാഞ്ഞുപോകും. അങ്ങനെ സംഭവിക്കരുത്. ഒരു മാസത്തില്‍ 1000ത്തിലധികം ഗാര്‍ഹിക പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് െ്രെകം ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു എന്നും സലീം കുമാര്‍ പറഞ്ഞു.
കൊവിഡ് കാലത്താണ് നാം. കൊവിഡിനേക്കാള്‍ മാരകമായ വിപത്താണ് സ്ത്രീധനം. കൊവിഡിന് വാക്‌സിനേഷനുണ്ട്. എന്നാല്‍ സ്ത്രീധനത്തിനെതിരെ വാക്‌സിന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കാലങ്ങളായി സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരമാണിതെന്നും സലീം കുമാര്‍ പറഞ്ഞു.
മലയാളിയുടെ മനസിലുള്ള സ്ത്രീധനത്തിന്റെ തുലാസ് നീക്കം ചെയ്യണം. കിട്ടാന്‍ പോകുന്ന സ്ത്രീധനത്തിന്റെ കണക്ക് നോക്കാന്‍ ആണ്‍കുട്ടികളുള്ള എല്ലാ വീട്ടിലും ഈ തുലാസ് ഉണ്ട്. ആ തുലാസ് പിടിച്ചെടുക്കണം. എനിക്ക് രണ്ട് ആണ്‍മക്കളുണ്ട്. എന്റെ വീട്ടിലും ആ തുലാസ് ഉണ്ട്. അത് ഒഴിവാക്കുന്നു എന്നും സലീം കുമാര്‍ പറഞ്ഞു.
കൊല്ലത്തെ വിസ്മയയുടെ മരണത്തില്‍ സലീം കുമാര്‍ എന്ന ഞാനും ഉത്തരവാദിയാണ്. വിസ്മയയുടെ ഭര്‍ത്താവിന് ലഭിക്കുന്ന അതേ ശിക്ഷയ്ക്ക് താനും അര്‍ഹനാണ്. ഇവിടെ സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്ത്രീധനമെന്ന വിപത്താണ് എന്നും സലീം കുമാര്‍ ചൂണ്ടിക്കാട്ടി.
ഈ കൊവിഡ് കാലത്ത് വിസ്മയക്ക് സ്വന്തം വീട്ടില്‍ വന്നു നില്‍ക്കാമായിരുന്നു. മനശാസ്ത്ര വിദഗ്ധന്റെ സഹായം തേടാമായിരുന്നു. ആ കുട്ടി മരിക്കുന്നതിന്റെ എത്രയോ മുമ്പ് മാനസികമായി അവള്‍ മരിച്ചുകഴിഞ്ഞിരുന്നുവെന്നും സലീം കുമാര്‍ വികാര നിര്‍ഭരമായി പറഞ്ഞു.
നേരത്തെ വിസ്മയ കേസില്‍ നടന്‍ സുരേഷ് ഗോപി നടത്തിയ പ്രതികരണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ കുട്ടി എന്നെ വിളിച്ചിരുന്നുവെങ്കില്‍ ഭര്‍ത്താവിന് രണ്ടെണ്ണം കൊടുത്ത് അവളെ ഇറക്കി വരുമായിരുന്നുവെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. കേരളത്തിലെ ഏതൊരു അച്ഛന്റെയും സഹോദരങ്ങളുടെയും മനസായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകളില്‍ പ്രകടമായത്.