ന്യൂഡല്‍ഹി: ലഡാക്കിനെയും ജമ്മു കശ്മീരിനെയും ഇന്ത്യയ്ക്കു പുറത്തു പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച ഭൂപടം നീക്കം ചെയ്ത് ട്വിറ്റര്‍. തിങ്കളാഴ്ച രാത്രിയോടെയാണ് ട്വിറ്ററിന്റെ ‘ട്വീറ്റ് ലൈഫ്’ എന്ന വിഭാഗത്തില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യയുടെ തെറ്റായ ഭൂപടം മാറ്റിയത്. സംഭവത്തില്‍ ട്വിറ്ററിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും നടപടി വേണമെന്ന് ആവശ്യം വ്യാപകമാവുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ ഭൂപടം ദുരുപയോഗം ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഐടി ആക്റ്റിലെ 69 എ പ്രകാരം പിഴയോ ഉദ്യോഗസ്ഥര്‍ക്ക് 7 വര്‍ഷം വരെ ജയില്‍ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണെന്നാണ് അധികൃതര്‍ പറയുന്നത്. വേണമെങ്കില്‍ പൊതുജനങ്ങള്‍ക്ക് ട്വിറ്ററിലേക്കുള്ള പ്രവേശനം തടയാനും ഇതുവഴി സാധിക്കുമെന്നാണ് വിവരം.
ഇതു രണ്ടാം തവണയാണ് ട്വിറ്റര്‍ ഇത്തരത്തില്‍ ഭൂപട വിവാദത്തില്‍പ്പെടുന്നത്. നേരത്തെ ലേയെ ജമ്മു കശ്മീരിന്റ ഭാഗമാക്കിയും ലഡാക്കിനെ ചൈനയുടെ ഭാഗമാക്കിയും ഒരു ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു.
എന്തായാലും പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പാലിക്കുന്നതിലെ തര്‍ക്കം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ട്വിറ്ററുമായി ഇടഞ്ഞു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, ഭൂപട വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് പുതിയ ഡിജിറ്റല്‍ നിയമമെന്നു ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ എതിര്‍ക്കുന്നത്.
നിയമം നടപ്പാക്കാത്തതിനാല്‍ ട്വിറ്ററിനു നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം. ട്വിറ്റര്‍ ഇന്ത്യയുടെ പരാതി പരിഹാര ഓഫിസറായി അമേരിക്കക്കാരനായ ജെറെമി കെസ്സലിനെ നിയമിച്ചത് ഇന്ത്യന്‍ ഐടി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഓഫിസര്‍ ഇന്ത്യയില്‍നിന്നുള്ള ആളാകണമെന്നാണു പുതിയ ചട്ടത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്.