തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ ഇപ്പോള്‍ നടക്കുന്നത് നാടകമാണെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കോടതികള്‍ ആദ്യമേ വിധി എഴുതി വെച്ചിരിക്കുകയാണ്. വിധി തയാറാണ്. പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേ അറിയേണ്ടതുള്ളൂ. കോടതിയില്‍ ബാക്കി എല്ലാം കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നത് നാടകമാണ് -ഭാഗ്യലക്ഷ്മി പറഞ്ഞു.
ഹരജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അപമാനിക്കപ്പെടുകയാണ്. എന്താണ് പ്രോസിക്യൂട്ടര്‍മാര്‍ മാറാന്‍ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതനോട് ഒരു നീതി, സാധാരണക്കാരനോട് വേറൊരു നീതി എന്നതാണ് സമീപനമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം നിരസിച്ച് ഹൈകോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ കാലാവധി നീട്ടണമെന്ന ക്രൈംബ്രാഞ്ച് ഹരജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് മാറണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. നേരത്തെ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നുകാട്ടി അതിജീവിത നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെ മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നു. അന്ന് ജഡ്ജി ഹരജി പിന്‍വലിക്കുന്നതില്‍ നിന്നും സ്വയം പിന്‍വലിയുകയായിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നു ചോര്‍ന്നതായി പറയുന്ന സമയത്ത് എറണാകുളം ജില്ലാ കോടതിയില്‍ ജഡ്ജി കൗസര്‍ എടപ്പഗത്തായിരുന്നു കേസ് പരിഗണിച്ചത്. പിന്നീടു ഹൈക്കോടതി ജസ്റ്റിസ് പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് തന്റെ ഹര്‍ജിയില്‍ നിന്നു പിന്‍മാറണമെന്ന ആവശ്യം അതിജീവിത ഉയര്‍ത്തിയത്. എന്നാല്‍, ആവശ്യം ഹൈകോടതി തള്ളുകയായിരുന്നു.