ന്യൂഡല്‍ഹി: 2006-ല്‍ നടന്ന വാരാണസി സ്ഫോടനക്കേസിലെ മുഖ്യപ്രതി വാലിയുല്ല ഖാന് വധശിക്ഷ വിധിച്ചു. കൊലപാതകം, കൊലപാതകശ്രമം, അംഗഭംഗം വരുത്തല്‍, സ്ഫോടകവസ്തു നിയമം എന്നീ വകുപ്പുകള്‍ പ്രകാരം ചുമത്തിയ രണ്ടു കേസുകളിലാണു ഗാസിയാബാദ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജിതേന്ദ്ര കുമാര്‍ സിന്‍ഹയുടെ വിധി. സംഭവം നടന്ന് 16 വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. മതിയായ തെളിവുകളില്ലാത്തതിനാല്‍ ഒരു കേസില്‍ വലിയുല്ലയെ വെറുതെ വിട്ടു.
മറ്റൊരു കേസില്‍ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. 2006 മാര്‍ച്ച് 7ന് സങ്കട് മോചന് ക്ഷേത്രത്തിലും കന്റോന്‍മെന്റ് റെയില്‍വേ സ്റ്റേഷനിലുമുണ്ടായ സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെടുകയും 100 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സങ്കട് മോചന് ക്ഷേത്രത്തിലാണ് ആദ്യത്തെ സ്ഫോടനം നടന്നത്. 15 മിനിറ്റിനുശേഷം, വാരാണസി കന്റോന്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ രണ്ടാമത്തെ സ്ഫോടനം ഉണ്ടായി. അതേ ദിവസം, ദശാശ്വമേധ് പൊലീസ് സ്റ്റേഷനു സമീപമുള്ള റെയില്‍വേ ക്രോസിങ്ങില്‍ ഒരു കുക്കര്‍ ബോംബും കണ്ടെത്തി.
വാരാണസിയിലെ അഭിഭാഷകര്‍ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അലഹബാദ് ഹൈക്കോടതി കേസ് ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു. പ്രതിക്കെതിരെയുള്ള മൂന്ന് കേസുകളിലായി 121 സാക്ഷികളെയാണ് ഹാജരാക്കിയത്.