ഇമെയില്‍ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘം വ്യാപകമായതിനാല്‍ ഇമെയില്‍ ആശയവിനിമയത്തില്‍ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ വിദഗ്ധര്‍. വിതരണക്കാരുടെയും ഇടപാടുകാരുടെയും ഇമെയില്‍ സന്ദേശങ്ങള്‍ ഹാക്ക് ചെയ്യുന്ന സംഘം വിദേശം, ജിസിസി, പ്രാദേശികം എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് സൈബര്‍സുരക്ഷാ വിദഗ്ധനും അബുദാബി ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് ചീഫ് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഓഫിസറുമായ ഇല്യാസ് കൂളിയങ്കാല്‍ പറഞ്ഞു.
ഇമെയിലുമായി സാമ്യമുള്ള വ്യാജ മെയിലുണ്ടാക്കിയാണ് ഇടപാടുകള്‍. നേരത്തെ നടത്തിയ ഇടപാടുകളുടെ തുടര്‍ച്ചയായി തട്ടിപ്പുകാര്‍ ഇമെയില്‍ അയയ്ക്കുന്നതോടെ സംശയത്തിന് ഇടമില്ലാത്തവിധം കുരുക്ക് മുറുക്കും. ഇതേസമയം യഥാര്‍ഥ വിതരണക്കാരനുമായി ഇടപാടുകാരുടെ ഇമെയില്‍ ബന്ധം തടസ്സപ്പെടുത്തുകയും ചെയ്യും.
ഇമെയില്‍ അക്ഷരങ്ങളിലെ വ്യത്യാസം മനസ്സിലാകാതെ പണമിടപാട് നടത്തുന്നവര്‍ക്ക് പണം നഷ്ടപ്പെടും. വിദേശ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം തട്ടിയെടുത്തതെങ്കില്‍ വീണ്ടെടുക്കല്‍ പ്രയാസമാണെന്ന് ഇല്യാസ് പറയുന്നു. പണം ലഭിച്ച രാജ്യത്ത് കേസ് നല്‍കി അക്കൗണ്ട് മരവിപ്പിക്കാനായാല്‍ അപൂര്‍വം ചില കേസുകളില്‍ പണം തിരിച്ചുകിട്ടും.
യഥാര്‍ഥ ഇടപാടുകാരുമായാണ് ആശയവിനിമയമെന്ന് ആവര്‍ത്തിച്ച് ഉറപ്പുവരുത്തുക.
മറ്റൊരു അക്കൗണ്ടിലേക്കു പണം അയയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ ഉത്തരവാദപ്പെട്ടവരെ വിളിച്ച് ഉറപ്പുവരുത്തുക.
വരുന്ന മെയിലുകളുടെ സോഴ്‌സ് അഡ്രസ് പരിശോധിക്കുക. റജിസ്റ്റേര്‍ഡ് ഇമെയിലിലേക്ക് സന്ദേശം അയച്ച് പരിശോധിക്കുക.