ബെയ്ജിങ്: തായ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ യുദ്ധമാകും അനന്തരഫലമെന്ന മുന്നറിയിപ്പുമായി ചൈന. സിംഗപ്പൂരില്‍ നടക്കുന്ന ഏഷ്യ സുരക്ഷ ഉച്ചകോടിയില്‍ യു.എസ് പ്രതിരോധമന്ത്രി ലോയ്ഡ് ഓസ്റ്റിനുമായി ചര്‍ച്ചയിലാണ് ചൈനീസ് മന്ത്രി വെയ് ഫെംഗിയുടെ ഭീഷണി.
ചൈനയുടെ ഭാഗമാണ് സ്വയംഭരണ രാജ്യമായ തായ്‌വാനെന്നും വേറിട്ടുപോയാല്‍ സൈനിക നടപടിക്ക് നിര്‍ബന്ധിതമാകുമെന്നും വെയ് പറഞ്ഞു. അതേസമയം, ചൈന നേരിട്ട് ഭരണം നടത്താത്ത തായ്‌വാനില്‍ അനാവശ്യ ഇടപെടല്‍ പ്രകോപനമാണെന്നും അസ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്നും ഓസ്റ്റിന്‍ പ്രതികരിച്ചു.
1940കളിലെ ആഭ്യന്തര യുദ്ധത്തിനിടെ ചൈനയില്‍നിന്ന് വേറിട്ടുപോന്ന രാജ്യമാണ് തായ്‌വാന്‍. സ്വന്തമായി ഭരണഘടനയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടവുമുള്ള രാജ്യത്തിന് മൂന്നുലക്ഷത്തോളം വരുന്ന സ്വന്തം സേനയുമുണ്ട്. രാജ്യത്തിന്റെ സ്വയംഭരണം പക്ഷേ, അംഗീകരിക്കുന്ന രാജ്യങ്ങള്‍ കുറവാണ്. പകരം ചൈനയുടെ ഭാഗമായാണ് കാണുന്നത്. തായ്‌വാന് യു.എസ് ആയുധം നല്‍കിയതുള്‍പ്പെടെ നടപടികള്‍ മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ വാദം യു.എസ് അംഗീകരിക്കുന്നില്ല.
തായ്‌വാന്‍ പക്ഷേ, ചൈനയുമായി സഹകരണത്തിന് തയാറാണെന്നും പരമാധികാരം കൈമാറാനില്ലെന്നുമുള്ള നിലപാടിലാണ്. ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി നിരന്തരം യുദ്ധവിമാനങ്ങള്‍ പറത്തിയും പരിസരത്ത് സൈനിക വിന്യാസം നടത്തിയും ചൈന ശക്തി കാണിക്കുമ്പോള്‍ മറുവശത്ത്, യു.എസും രംഗത്തുണ്ട്.