റോം: റഷ്യ വിചാരിച്ചത് ഒരാഴ്ചക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്നാണ്. എന്നാല്‍, യുക്രെയ്ന്‍കാര്‍ കണക്കുകൂട്ടല്‍ തെറ്റിച്ചതായി ഫ്രാന്‍സിസ് മാര്‍പാപ്പ. പറഞ്ഞു.
‘നല്ലവരും മോശക്കാരും’ ഇല്ലെന്നും നാറ്റോയുടെ കിഴക്കന്‍ വിപുലീകരണം റഷ്യയെ ചൊടിപ്പിച്ചുവെന്നും റഷ്യന്‍ അധിനിവേശത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് മാര്‍പാപ്പ പറയുന്നു. ഈ സാഹചര്യത്തില്‍ താന്‍ പുടിന്റെ പക്ഷത്താണെന്ന് ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍, അങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യന്‍ സൈന്യത്തിന്റെ അക്രമവും ക്രൂരതയും കാണുമ്പോള്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നാം മറക്കരുത്. യുദ്ധത്തെ ന്യായീകരിച്ച റഷ്യന്‍ പാത്രിയാര്‍ക്കീസ് കിറിലുമായി കൂടിക്കാഴ്ച നടത്തുമെന്നത് അദ്ദേഹം സ്ഥിരീകരിച്ചു. അതേസമയം, യുക്രെയ്‌നിയക്കാരുടെ ധൈര്യത്തെ പുകഴ്ത്തുകയും സ്വയം പ്രതിരോധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു.
വത്തിക്കാനില്‍ ജെസ്യൂട്ട് മാഗസിനുകളുടെ യൂറോപ്യന്‍ എഡിറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ നിര്‍ണായകമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. ചൊവ്വാഴ്ച ഇറ്റാലിയന്‍ ദിനപത്രങ്ങളായ ലാ സ്റ്റാമ്പ, അവ്വെനീര്‍ എന്നിവയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.