കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്ക സന്ദര്‍ശിക്കാനൊരുങ്ങി ഉന്നത അമേരിക്കന്‍ പ്രതിനിധി സംഘം. ജൂണ്‍ 26 മുതല്‍ 29 വരെ ശ്രീലങ്കയില്‍ തങ്ങുന്ന സംഘം പ്രശ്‌നപരിഹാരത്തിന് ഭരണനേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തും.
യു.എസ് ട്രഷറി, വിദേശകാര്യ വകുപ്പുകളുടെ പ്രതിനിധികളായ ട്രഷറി ഏഷ്യ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി റോബര്‍ട്ട് കപ്രോത്ത്, സ്ഥാനപതി കെല്ലി കൈഡര്‍ലിങ് എന്നിവര്‍ രാഷ്ട്രീയ പ്രതിനിധികള്‍, സാമ്പത്തിക വിദഗ്ധര്‍, അന്താരാഷ്ട്ര സംഘടനകള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
കടുത്ത വിദേശനാണ്യ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കക്ക് ശതകോടികളുടെ വിദേശവായ്പ തിരിച്ചടവ് മുടങ്ങിയിരുന്നു. കടക്കെണിയുടെ വക്കിലെത്തിനില്‍ക്കുന്ന രാജ്യത്ത് ഭക്ഷണവും ഇന്ധനവുമടക്കം അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ വിദേശനാണ്യമില്ലാതെ ബുദ്ധിമുട്ടുകയാണ്.
യു.എസ് സംഘത്തിനു സമാനമായി ഇന്ത്യയില്‍നിന്ന് റിസര്‍വ് ബാങ്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരും കൊളംബോയിലെത്തുന്നുണ്ട്. വ്യാഴാഴ്ച എത്തുന്ന സംഘം രാജ്യത്തെ സാമ്പത്തിക സ്ഥിതിഗതികള്‍ വിലയിരുത്തും. ഇതുവരെയായി 400 കോടി ഡോളര്‍ ഇന്ത്യ വായ്പ നല്‍കിയതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.