ബൊഗോട്ട: കൊളംബിയന്‍ നഗരമായ തുലുവയിലെ ജയിലില്‍ നടന്ന കലാപത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ജയില്‍ കലാപങ്ങളെ തുടര്‍ന്ന് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. തടവുകാര്‍ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി കിടക്കകള്‍ കത്തിച്ചപ്പോള്‍ തീപിടിത്തമുണ്ടാകുകയായിരുന്നുവെന്ന് ദേശീയ ജയില്‍ ഡയറക്ടര്‍ ജെന്‍ ടിറ്റോ കാസ്റ്റെല്ലാനോസ് പറഞ്ഞു.
49 പേര്‍ സംഭവസ്ഥലത്ത് വെച്ചും രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങി. നിരവധി പേരെ ഒഴിപ്പിച്ചു. പോര്‍ചുഗല്‍ സന്ദര്‍ശനത്തിലായ കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ഡ്യൂക് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തെ അപലപിച്ച അദ്ദേഹം ജയില്‍മേധാവിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ ജയില്‍ നയം ഉടച്ചുവാര്‍ക്കാന്‍ നിര്‍ബന്ധിതമാക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.
കൊളംബിയയിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. 81000 പേരുടെ ശേഷിയുള്ളപ്പോള്‍ 97000 പേരാണ് നിലവില്‍ ജയിലുകളില്‍ തിങ്ങിക്കഴിയുന്നത്. ആള്‍തിരക്കും സൗകര്യങ്ങളുടെ കുറവും മൂലം ജയിലില്‍ 2020ല്‍ നടന്ന കലാപത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കോവിഡ് മഹാമാരിക്കാലത്ത് ചില തടവുകാര്‍ക്ക് മോചനം നല്‍കിയിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ പല ജയിലുകളും ആള്‍തിരക്കില്‍ ഞെരിയുകയാണ്.
കഴിഞ്ഞ വര്‍ഷം എക്വഡോറിലെ ജയിലിലുണ്ടായ ചേരിപ്പോരില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.