ഗുവാഹത്തി : ആയിരം സൈനികരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ക്കായി അസം സര്‍ക്കാരിന്റെ സഹായം തേടി അമേരിക്ക. രണ്ടാം ലോകയുദ്ധകാലത്ത് അസമില്‍ ജീവന്‍ നഷ്ടപ്പെട്ട 1000 ഭടന്‍മാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സഹായിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയോട് ആവശ്യപ്പെട്ടു. കൊല്‍ക്കത്തയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ മെലിന്‍ഡ പാവേക് നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സാധ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
രണ്ടാം ലോകയുദ്ധകാലത്ത് ഇന്ത്യയില്‍ കാണാതായ യുഎസ് ഭടന്മാരുടെ അവശിഷ്ടങ്ങള്‍ തേടി അമേരിക്ക 5 ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ട്. ജപ്പാനെതിരായ യുദ്ധത്തില്‍ ചൈനയെ സഹായിക്കാന്‍ ഇന്ത്യയിലെ താവളങ്ങളില്‍നിന്നു ഹിമാലയത്തിനു മുകളിലൂടെ പറക്കുന്നതിനിടെ കാണാതായ യുഎസ് വിമാനങ്ങളിലെ സൈനികരുടെ അവശേഷിപ്പുകള്‍ക്കായാണ് തിരച്ചില്‍. 2 വൈമാനികരുടെ അവശിഷ്ടങ്ങള്‍ ഇങ്ങനെ കണ്ടെടുത്തിട്ടുണ്ട്.