ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതപരിവര്‍ത്തനം അപൂര്‍വം മാത്രമാണെന്ന് പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേ ഫലം വ്യക്തമാക്കുന്നു. മതപരിവര്‍ത്തനത്തിലൂടെ ഇന്ത്യയില്‍ നിലവില്‍ ഒരു മതവിഭാഗവും വളരുന്നില്ല.
മാത്രമല്ല ഒരു കൂട്ടം ആളുകള്‍ സ്വന്തം മതം വിടുമ്പോള്‍ അതിനാനുപാതികമായ അളവില്‍ ആ മതത്തിലേക്ക് പുതിയ ആളുകള്‍ വരുന്നുണ്ട്. ഹിന്ദു മതം ഉപേക്ഷിക്കുന്നതിനേക്കാളേറെ ആളുകള്‍ ഹിന്ദു മതം സ്വീകരിക്കുന്നുണ്ടെന്നും സര്‍വേ പറയുന്നു.
ഹിന്ദു മതം ഉപേക്ഷിക്കുന്നത് 0.7 ശതമാനം ആളുകളാണ്. അതേസമയം 0.8 ശതമാനം പേര്‍ ഹിന്ദു മതത്തിലേക്ക് പുതുതായി വരികയും ചെയ്യുന്നുണ്ടത്രേ. ഇസ്ലാം മതത്തിന് നേട്ടമോ കോട്ടമോ ഇല്ല. 0.3 ഇന്ത്യക്കാര്‍ മുസ്ലിം മതം ഉപേക്ഷിക്കുമ്പോള്‍ 0.3 ശതമാനം ഇന്ത്യക്കാര്‍ മുസ്ലിം മതത്തിലേക്ക് വരുന്നു.
ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ മാത്രമാണ് മതപരിവര്‍ത്തനം കുറച്ചെങ്കിലും കൂടുതലുള്ളത്. 0.4 ശതമാനം പേര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് പുതുതായി വരുമ്പോള്‍ 0.1 ശതമാനം പേര്‍ മാത്രമാണ് ക്രിസ്തു മതം ഉപേക്ഷിക്കുന്നത്.
സിഖ് മതത്തില്‍ 0.1 ശതമാനം ആളുകള്‍ പുതുതായി വരുമ്പോള്‍ അതേ അളവില്‍ തന്നെ ആളുകള്‍ സിഖ് മതം ഉപേക്ഷിക്കുന്നു. ജൈന മതത്തിലേക്ക് പുതുതായി ആരും വരുന്നില്ല. പക്ഷെ 0.1 ശതമാനം ആളുകള്‍ മതം ഉപേക്ഷിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും മതവിശ്വാസികളാണെന്ന് സര്‍വേ കണ്ടെത്തി. മതപരമായ സഹിഷ്ണുത വെച്ചു പുലര്‍ത്തുമ്പോള്‍ തന്നെ തങ്ങളുടെ മതത്തെ മറ്റു മതങ്ങളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്താനും ഇവര്‍ ആഗ്രഹിക്കുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യക്കാര്‍ ഒരുമിച്ച് വ്യത്യസ്തതയോടെയാണ് ജീവിക്കുന്നതെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. ‘ഇന്ത്യയിലെ മതം; സഹിഷ്ണുതയും വേര്‍തിരിവും…’ എന്ന പേരിലാണ് പ്യൂ റിസേര്‍ച്ച് സെന്ററിന്റെ സര്‍വേ റിപ്പോര്‍ട്ട്.