തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ കേരള നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്ന സുപ്രീംകോടതി വിധി സംസ്ഥാന രാഷ്ട്രീയത്തില്‍ പല തരത്തിലാണ് ഇടതുപക്ഷത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
കോടതി വിധി കേസ് പിന്‍വലിക്കാന്‍ ഒരുങ്ങിയ സര്‍ക്കാറിന് തിരിച്ചടിയാവുമ്പോള്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ എല്‍.ഡി.എഫ് മുന്നണിയിലും ചില പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ധനമന്ത്രി കെ.എം മാണി അഴിമതിക്കാരനായിരുന്നതിനാലാണ് അന്ന് പ്രതിഷേധം നടത്തിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് പിന്നാലെയാണ് ഇടത് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിനെ ലക്ഷ്യമിട്ടുള്ള പരാമര്‍ശങ്ങളുമായി യു.ഡി.എഫ് നേതാക്കളും പി.സി ജോര്‍ജും രംഗത്ത് എത്തിയത്. ജോസ് കെ മാണിയെ ലക്ഷ്യമിട്ടുകൊണ്ട് വി.ഡി സതീശനും പി.ജെ ജോസഫും രംഗത്തെത്തി. വിഷയത്തില്‍ ജോസ് കെ മാണിയുടെ നിലപാട് എന്താണെന്നായിരുന്നു പി.ജെ ജോസഫ് ചോദിച്ചത്.
മാണി അഴിമതിക്കാരനല്ല എന്ന യു.ഡി.എഫ് നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു എന്നും പി.ജെ ജോസഫ് പറഞ്ഞു. ഒരു പടി കൂടി കടന്ന് കേരള കോണ്‍ഗ്രസ് എം ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ ഒരു രാഷ്ട്രീയ തീരുമാനം എടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടത്. കെ.എം മാണിയെ അപമാനിച്ച ഇടത് മുന്നണിയില്‍ ഇനിയും തുടരണമോയെന്നും അദ്ദേഹം ചോദിച്ചു.
ജോസ് കെ മാണി മുന്നണി വിടണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജും രംഗത്ത് എത്തി. ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കണമെന്നായിരുന്നു പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടത്. പിതാവിനെപ്പറ്റി വൃത്തികേട് പറയുന്ന പാര്‍ട്ടിയില്‍ പോയി ജോസ് കെ മാണി ചേര്‍ന്നത് തന്നെ അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപമാനം സഹിച്ച് കേരള കോണ്‍ഗ്രസ് ഇനിയും ഇടതുമുന്നണിയില്‍ തുടരണമോയെന്നായിരുന്നു കെ.എം മാണിയുടെ മരുമകനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവുമായ എം.പി ജോസഫിന്റെ ചോദ്യം. കെ.എം മാണി അഴിമതിക്കാരന്‍ ആണെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതോടു കൂടി സി.പി.എമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണെന്നും ജോസഫ് അഭിപ്രായപ്പെട്ടു. ജോസിന്റെ മുന്നണി മാറ്റം ഉണ്ടായില്ലെങ്കിലും മാണിയുടെ കടുത്ത അനുയായികളെ തിരികെ മുന്നണിയിലേക്ക് എത്തിക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യം.
ഇത്തരത്തില്‍ വിമര്‍ശനങ്ങളും മുന്നണി മാറ്റ ചര്‍ച്ചകളും യു.ഡി.എഫ് ശക്തമാക്കിയതോടെയാണ് വിഷയത്തില്‍ ആദ്യം മൗനം പാലിച്ച കേരള കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രതികരിക്കേണ്ടി വന്നത്. സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം നിരുത്തരവാദപരമാണെന്നായിരുന്നു സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടത്.
അത്തരത്തില്‍ ഒരു പരാമര്‍ശം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വിഷയത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ വിശദീകരണം തേടണമെന്നും കേരള കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ട്. സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ പാര്‍ട്ടി യോഗത്തിന് ശേഷം പറയാമെന്ന് ജോസ് കെ മാണിയുടെ നിലപാട്.
മാണിക്കെതിരായ പരാമര്‍ശത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലും പ്രതിഷേധം പുകയുകയാണ്. സര്‍ക്കാര്‍ സത്യവാങ്മൂലം എങ്ങനെ വന്നുവെന്ന കാര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യുമെന്ന് എല്‍.ഡി.എഫ് കണ്‍വീനറും പാര്‍ട്ടി ആക്‌സിടിങ് സെക്രട്ടറിയുമായ വിജയരാഘവന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സുപ്രീംകോടതിയില്‍ മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി. ഇടതുമുന്നണിയില്‍ ആശയക്കുഴപ്പുമുണ്ടാക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചു. അതിനായി മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് വര്‍ത്ത നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.