കോട്ടയം: വിവാദമായ നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.എം മാണി കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്ന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം സിറ്റിയറിങ് കമ്മിറ്റിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുപ്രീം കോടതിയിലെ സര്‍ക്കാര്‍ നിലപാടിനെ കുറിച്ച് ജോസ് കെ മാണി പ്രതികരിച്ചത്.
നിരവധി അന്വേഷണങ്ങളിലും, കോടതിയും, ഇരു മുന്നണികളും കെ എം മാണി നിരപരാധിയെന്ന് പറഞ്ഞിരുന്നു എന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. നിയമ സഭാകയ്യാങ്കളി കേസ് പരിഗണിക്കവെ കെ.എം മാണി കുറ്റക്കാരന്‍ എന്ന് പരാമര്‍ശം നടത്തിയിട്ടില്ല.
അഴിമതിക്കാരന്‍ എന്ന് വാക്ക് ഉപയോഗിച്ചിട്ടില്ല, അഴിമതി ആരോപണം നേരിട്ടു എന്നാണ് പറഞ്ഞത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ അത് വ്യക്തമായി. വാര്‍ത്തകളില്‍ വന്ന വിവാദ പരാമര്‍ശം നടത്തിയിട്ടില്ല. ആ ഘട്ടത്തില്‍ പേര് പറയാതെ ആരോപണം ഉണ്ടായിരുന്നു എന്ന് മാത്രമാണ് പരാമര്‍ശം. ജഡ്ജിയുടെ ചോദ്യത്തിന് മറുപടിയായാണ് അഭിഭാഷകന്‍ ഇത്തരം ഒരു മറുപടി നല്‍കിയത്.
ധനമന്ത്രിക്ക് നേരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. സുപ്രീം കോടതിയില്‍ കെ എം മാണിയുടെ പേര് പോലും പറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി ന്യായീകരിച്ചു. രാഷ്ട്രീയ നേതാക്കളുടെ മുതലെടുപ്പിന് അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കേരളാ കോണ്‍ഗ്രസ് (എം) ല്‍ താഴെ തട്ട് മുതല്‍ സംഘടനാതെരെഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ജോസ് കെ.മാണി കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്ലാ ജനവിഭാഗങ്ങളുടേയും പാര്‍ട്ടിയായി മാറുന്നതിലൂടെ ജനകീയ അടിത്തറ വിപുലീകരിക്കുക എന്ന ദൗത്യമാണ് കേരളാ കോണ്‍ഗ്രസ്സ് (എം) ന് ഏറ്റെടുക്കാനുള്ളത്. കാലാനുസൃതമായ മാറ്റങ്ങള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സംഘടനാ സ്വഭാവത്തിലും, ഘടനയിലും അനിവാര്യമാണ്.
കൂടുതല്‍ കരുത്താര്‍ജ്ജിക്കുക എന്ന ലക്ഷ്യത്തിനായി പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങളില്‍ ഘടനാപരമായ മാറ്റമുണ്ടാകണം. കേരളത്തിന്റെ എല്ലാ സാമൂഹ്യമേഖലകളിലും വിപുലമായ വളര്‍ച്ച കൈവരിക്കുന്നതിനായി പാര്‍ട്ടി മെമ്പര്‍ഷിപ്പ് സംവിധാനത്തില്‍ സമഗ്രമായ മാറ്റം വരുത്തും.
സംഘടനാ തെരെഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള പാര്‍ട്ടി അംഗത്വത്തിനൊപ്പം കേരളാ കോണ്‍ഗ്രസ്സിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്കായി കെ.എം.സി കമ്യൂണിറ്റി മെംബര്‍ എന്ന നിലയില്‍ പുതിയ മെമ്പര്‍ഷിപ്പ് സംവിധാനം ആരംഭിക്കുന്നതിനുള്ള നിര്‍ദേശവും സ്റ്റിയറിംഗ് കമ്മറ്റിയില്‍ ഉയര്‍ന്നു.
ഓണ്‍ലൈനായും ഈ മെമ്പര്‍ഷിപ്പ് സൗകര്യം ലഭ്യമാകും എന്നതിനാല്‍ കേരളാ കോണ്‍ഗ്രസ്സ് അനുഭാവികളായ പ്രവാസികള്‍ക്കും സംഘടനാ സംവിധാനത്തിന്റെ ഭാഗമാകുവാന്‍ കഴിയും. സംഘടനാ തെരെഞ്ഞെടുപ്പിന്റെ തിയതി നിശ്ചയിക്കുന്നത് ഉള്‍പ്പടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ക്കായി സംസ്ഥാന കമ്മറ്റിയോഗം ഉടന്‍ ചേരും.
എല്ലാ പോഷകസംഘടനകളുടെയും പ്രവര്‍ത്തനനം കൂടുതല്‍ ചലനാത്മകമാക്കുവാന്‍ സ്റ്റിയറിംഗ് കമ്മറ്റി തീരുമാനമെടുത്തു. വിവിധ പോഷകസംഘടനകള്‍ അടിയന്തിരമായി പുനസംഘടിപ്പിക്കുന്നതിനായി സംസ്ഥാന ഭാരവാഹികള്‍ക്ക് ചുമതല നിശ്ചയിച്ചു.
പൂര്‍ണ്ണമായും ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ സംഘടനാ രീതികള്‍ ശക്തമാക്കുന്നതിനും, രാഷ്ട്രീയവും സംഘടനാപരവുമായ അച്ചടക്കം മികവുറ്റതാക്കുന്നതിനും സംസ്ഥാനതലത്തില്‍ ഒരു അച്ചടക്ക സമിതിക്ക് രൂപം നല്‍കും. ഇതിന്റെ വിശദാംശങ്ങള്‍ സംസ്ഥാന കമ്മറ്റിയോഗം ചര്‍ച്ചചെയ്യും.
ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഉജ്വലമായ വിജയത്തിന് നിര്‍ണ്ണായകമായ സംഭാവനയാണ് കേരളാ കോണ്‍ഗ്രസ് (എം) നല്‍കിയതെന്ന് സ്റ്റിയറിംഗ് കമ്മറ്റി യോഗം വിലയിരുത്തി. കോണ്‍ഗ്രസ്സിന്റെയും, യു.ഡി.എഫിന്റെയും തകര്‍ച്ചയെത്തുടര്‍ന്ന് നിരവധി പ്രവര്‍ത്തകരാണ് കേരളത്തിന്റെ 14 ജില്ലകളിലും കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ഭാഗമാകുന്നത്.
കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം എന്ന പുതിയ ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. ഇതിനായി പാര്‍ട്ടിയെ പൂര്‍ണ്ണമായും സജ്ജമാക്കുന്നതിനാവശ്യമായ സംഘടനാതീരുമാനങ്ങളാണ് സ്റ്റിയറിംഗ് കമ്മറ്റിയില്‍ ഉണ്ടായത്.