ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്നാം തരംഗം ഉടന്‍, നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). രോഗവ്യാപനത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തെ പലയിടത്തും അധികൃതരും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തില്‍ ഐഎംഎ ആശങ്ക പ്രകടിപ്പിച്ചു.
ആഗോളതലത്തില്‍ ലഭ്യമായ തെളിവുകളും ചരിത്രവും പരിശോധിച്ചാല്‍ ഏതൊരു മഹാമാരിക്കും മൂന്നാം തരംഗം സുനിശ്ചിതമാണ്. വിനാശകരമായ രണ്ടാം തരംഗത്തില്‍ നിന്ന് അടുത്തിടെയാണ് രാജ്യം പുറത്തുകടന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരുകളും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വലിയതോതില്‍ കൂട്ടംചേരുന്നത് അപകടകരമാണെന്നും ഐഎംഎ പ്രസ്താവനയില്‍ വ്യക്തമാക്കി.
വിനോദ സഞ്ചാരം, തീര്‍ത്ഥാടന യാത്ര, മതപരമായ ആഘോഷങ്ങള്‍ എന്നിവയെല്ലാം ആവശ്യമാണ്. എന്നാല്‍ ഇവയെല്ലാം അനുവദിക്കാന്‍ കുറച്ചുമാസങ്ങള്‍ കൂടി കാത്തിരിക്കണം. ഇത്തരം ഇടങ്ങളില്‍ വാക്‌സിന്‍ എടുക്കാതെ ആളുകള്‍ കൂട്ടമായെത്തുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂപ്പര്‍ സ്‌പ്രെഡിന് ഇടയാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.
കോവിഡ് രോഗിയെ ചികിത്സിക്കുകയും അതിലൂടെ സാമ്പത്തിക മേഖലയില്‍ ആഘാതങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതിനേക്കാള്‍ നല്ലത് സാമ്പത്തിക നഷ്ടം സഹിച്ച് ഇത്തരം വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതാണ്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിലെ അനുഭവത്തില്‍ വാക്‌സിനേഷനിലൂടെയും കോവിഡ് മാനണ്ഡദങ്ങള്‍ പാലിക്കുന്നതുവഴിയും രണ്ടാം തരംഗത്തിന്റെ ആഘാതം ലഘൂകരിക്കാനായിട്ടുണ്ടെന്നും ഐഎംഎ വ്യക്തമാക്കി.