കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ കബറടക്കം ഇന്ന് നടക്കും. കോട്ടയം ദേവലോകം അരമനയിലാണ് സംസ്കാര ശുശ്രൂഷകള്‍.
മൂന്നിന് കബറടക്ക ശുശ്രൂഷ ആരംഭിക്കും. അഞ്ചിന് ദേവലോകം കാതോലിക്കേറ്റ് അരമനയുടെ ചാപ്പലിലെ കബറിടത്തില്‍ സംസ്കാരം നടക്കും. 5.30ന് ശുശ്രൂഷകള്‍ പൂര്‍ത്തിയാകും.
ഇന്നലെ പരുമല ആശുപത്രിയില്‍നിന്ന് രാവിലെ 5.30ന് ഭൗതികശരീരം പരുമല പള്ളിയില്‍ എത്തിച്ചു. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ കുര്‍ബാനക്കുശേഷം പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
വിടവാങ്ങല്‍ പ്രാര്‍ഥനക്കുശേഷം വിലാപയാത്രയായി കാവുംഭാഗം, മുത്തൂര്‍, ചങ്ങനാശ്ശേരി വഴി രാത്രി ഒമ്പതോടെ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിക്കുകയായിരുന്നു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പള്ളിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ സന്ദേശങ്ങളിലൂടെ വേര്‍പാടിലുള്ള ദുഃഖം സഭയെ അറിയിച്ചു.
ശുശ്രൂഷകളില്‍ 300 പേര്‍ക്കു പങ്കെടുക്കാന്‍ കലക്ടര്‍ പ്രത്യേക അനുമതി നല്‍കി. ഓര്‍ത്തഡോക്‌സ് സഭയുടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്നു മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ അറിയിച്ചു.