ന്യൂഡല്‍ഹി: കേരളത്തിലൂടെയുള്ള 11 റോഡുകള്‍ ഭാരത് മാലാ പ്രോജക്ടില്‍ ഉള്‍പ്പെടുത്താനും കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട റോഡ് ദേശീയപാതയാക്കാനും തീരുമാനം. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച ഉറപ്പു ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കണ്ണൂര്‍ മേലെചൊവ്വ മുതല്‍ മട്ടന്നൂര്‍ കൂട്ടുപുഴ വളവുപാറ മാക്കൂട്ടം വിരാജ്‌പേട്ട മടിക്കേരി വഴി മൈസൂര്‍ വരെയുള്ള റോഡിന്‍റെ കേരളത്തിലുള്ള ഭാഗമാണ് ദേശീയപാതയാക്കുക.
തിരുവനന്തപുരം പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെയുള്ള 80 കി.മീ റിംഗ് റോഡ് നിര്‍മ്മിക്കുന്നതിനും അംഗീകാരമായി. 4500 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്നത്. ഇത് തിരുവനന്തപുരം നഗര വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായി മാറും. പ്രസ്തുത പദ്ധതി നാഷനല്‍ ഹൈവേ അതോറിറ്റി ഏറ്റെടുത്ത് ഫണ്ട് നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കലിന്‍റെറെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് അറിയിച്ചു.
ഭാരത് മാലാ പ്രോജക്ടില്‍ ഉള്‍പ്പെടുത്തുന്ന റോഡുകള്‍
- ആലപ്പുഴ (എന്‍.എച്ച് 47) മുതല്‍ ചങ്ങനാശ്ശേരി വാഴൂര്‍ പതിനാലാം മൈല്‍ (എന്‍.എച്ച് 220) വരെ 50 കി.മീ
- കായംകുളം (എന്‍.എച്ച് 47) മുതല്‍ തിരുവല്ല ജംഗ്ഷന്‍ (എന്‍.എച്ച് 183) 23 കി.മീ
- വിജയപുരത്തിനടുത്തുള്ള ജംഗ്ഷന്‍ (എന്‍. എച്ച് 183) മുതല്‍ ഊന്നുക്കലിനടുത്തുള്ള ജംഗ്ഷന്‍ വരെ (എന്‍. എച്ച് 85 ) 45 കി.മീ.
- പുതിയ നാഷണല്‍ ഹൈവേയായ കല്‍പ്പറ്റയ്ക്കടുത്തുള്ള ജംഗഷന്‍ (എന്‍. എച്ച് 766 ) മുതല്‍ മാനന്തവാടി വരെ 50 കി.മീ.
- എന്‍.എച്ച് 183 എ യുടെ ദീര്‍ഘിപ്പിക്കല്‍ ടൈറ്റാനിയം, ചവറ വരെ (എന്‍.എച്ച് 66 ) 17 കി.മീ.
- എന്‍. എച്ച് 183 എ യെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എന്‍.എച്ച് ളാഹക്കടുത്തുള്ള ഇലവുങ്കലില്‍ 21.6 കി.മീ.
- തിരുവനന്തപുരം -തെന്‍മലയെ ബന്ധിപ്പിക്കുന്ന 72. കിമീ
- ഹോസ്ദുര്‍ഗ് – പനത്തൂര്‍ ഭാഗമണ്ഡലം മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ
- ചേര്‍ക്കല – കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ
- വടക്കാഞ്ചേരി – പൊള്ളാച്ചി ബന്ധിപ്പിക്കുന്ന റോഡ്
- തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം -കരമന -കളിയിക്കാവിള റോഡ്