തിരുവനന്തപുരം: ജംബോ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ വലിയ അതൃപ്തിയാണ് രൂപപ്പെട്ടിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വീതം വെയ്പ്പിനെ ചൊല്ലി നേരത്തെ തന്നെ കേരള കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങളും അമര്‍ഷങ്ങളും ഉണ്ടായിരുന്നു. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയായിരുന്നു ജംബോ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.
എന്നാല്‍ ഇത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. ഭാരവാഹി പ്രഖ്യാപനത്തില്‍ കടുത്ത അതൃപ്തിയുള്ള ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പടേയുള്ളവര്‍ സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല.
മാത്രവുമല്ല പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരാന്‍ തുടങ്ങി. ഈ റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്ന സംഭവങ്ങളാണ് ഇന്നും ഉണ്ടായിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും പിളര്‍ന്ന ജോസഫ് വിഭാഗത്തിന് സംസ്ഥാന കമ്മിറ്റി ഓഫീസായി ഒരു സ്ഥിരം സംവിധാനം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോട്ടയത്ത് തന്നെ ഒരു പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ജോസഫ് വിഭാഗം ഒരുക്കിയത്. കോവിഡ് നിയന്ത്രണങ്ങളോടെ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് നിശ്ചയിക്കുകയം ചെയ്തു.
പി.ജെ ജോസഫ്, മോന്‍സ് ജോസഫ്, ജോയ് എബ്രഹാം, പിസി തോമസ് തുടങ്ങിയ നേതാക്കള്‍ ഓഫീസ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം വിട്ടു നിന്നത് ശ്രദ്ധേയമാണ്. ഫ്രാന്‍സിസ് ജോര്‍ജ്ജിനൊപ്പം ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നീ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തില്ല.
അനാരോഗ്യം കാരണമാണ് ഉദ്ഘാടനത്തിന് എത്താതിരുന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിശദീകരിച്ചെങ്കിലും തര്‍ക്കങ്ങള്‍ തന്നെയാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം ഉദ്ഘാടനത്തില്‍ നിന്നും വിട്ടു നിന്ന വിമതരുടെ സമീപനത്തിനെതിരെ ചിലര്‍ രംഗത്ത് എത്തി.
പാര്‍ട്ടിയോടും പാര്‍ട്ടി അധ്യക്ഷന്‍ പിജെ ജോസഫിനോടുമുള്ള പരസ്യമായ അവഗണനായാണ് ഇതെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.
മോന്‍സിനും ജോയ് എബ്രഹാമിനും ജോസഫ് അമിത പ്രധാന്യം നല്‍കുന്ന പുതിയ ഭാരവാഹി പട്ടികയില്‍ തങ്ങളെ അവഗണിക്കുകയാണെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം. ഭാരവാഹികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ യാതൊരു വിധ കൂടിയാലോചനയും നടന്നിട്ടില്ല.
ഈ സാഹചര്യത്തില്‍ സെക്രട്ടറി ജനറല്‍ ജോയ് ഏബ്രഹാം നോട്ടീസ് നല്‍കി പ്രഖ്യാപിച്ച ഭാരവാഹികളെ അംഗീകരിക്കില്ലെന്നുമാണ് വിമത വിഭാഗത്തിന്റ വാദം.
മോന്‍സ് ജോസഫ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ടിയു കുരുവിള ചീഫ് കോഓര്‍ഡിനേറ്റര്‍ , ജോയ് എബ്രഹാംസെക്രട്ടറി ജനറല്‍, എബ്രഹാം കളമണ്ണില്‍ ട്രഷറുമായപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവുമാണ് നല്‍കിയിരിക്കുന്നത്.
പ്രശ്‌ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം പി.ജെ ജോസഫിന്റെ വീട്ടില്‍ യോഗം ചേര്‍ന്നെങ്കിലും നേതാക്കള്‍ തമ്മിലുള്ള ചേരിതിരിഞ്ഞ് ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്ഥിതിയുണ്ടായി.