ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ മൂന്നാം ഘട്ടം ആഗസ്റ്റ് മാസം അവസാനത്തോടെ ഇന്ത്യയില്‍ പടര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ രണ്ടാം തരംഗത്തിന് സമാനമായ അതീ ത്രീവത ഉണ്ടാകില്ലെന്നും വിദഗ്ധര്‍ പറയുന്നു.
രാജ്യം ജാഗ്രത പാലിക്കണമെന്നും രണ്ടാം തരംഗത്തില്‍ എടുത്ത എല്ലാ ചികിത്സാ തയ്യാറെടുപ്പും പാലിക്കണമെന്നും ഐ.സി.എം.ആര്‍ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം തലവന്‍ ഡോ. സമീരന്‍ പാണ്ഡ പറഞ്ഞു.
”രാജ്യവ്യാപകമായി മൂന്നാം തരംഗം ആഗസ്റ്റ് മാസത്തില്‍ വ്യാപിക്കും. അത് രണ്ടാം തരംഗത്തില്‍ സംഭവിപ്പിച്ചതുപോലെ മരണസംഖ്യ ഉയര്‍ത്താനിടയില്ല. എന്നാല്‍ ജാഗ്രത കൈവിടുന്നത് വലിയ അപകടം വരുത്തിവെയ്ക്കും’ ഡോ. സമീരന്‍ മുന്നറിയിപ്പ് നല്‍കി…”
നാല് കാരണങ്ങളാണ് മൂന്നാം തരംഗത്തിലേക്ക് നയിക്കുക. ജനങ്ങളിലെ പ്രതിരോധ ശേഷി ക്കുറവാണ് പ്രധാനമായും വൈറസ് വ്യാപനത്തിന് ശക്തിപകരുക. ഇതാണ് പ്രധാനമായും വ്യാപനത്തിനുള്ള അടിസ്ഥാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
രണ്ടാമത്തേത് നിലവിലെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ വൈറസ് സ്വയം വകഭേദം മാറുന്ന പ്രതിഭാസമാണ്. മൂന്നാമത്തേത് നിലവിലെ വൈറസ് പ്രതിരോധ ശേഷിയെ മറികടക്കുന്നത്ര ക്ഷമതയില്ലെങ്കിലും വ്യാപന ശേഷി പ്രകടിപ്പിച്ചാല്‍ രാജ്യമൊട്ടാകെ ബാധിക്കും.
നാലാമത്തേത് സംസ്ഥാനങ്ങളുടെ നിയന്ത്രണങ്ങളിലെ ജാഗ്രതകുറവു തന്നെയാണ്. ഈ നാലുഘട്ടങ്ങളേയും മുന്‍കൂട്ടികണ്ടുള്ള നിയന്ത്രണം തുടരണമെന്നാണ് ഡോ. സമീരന്‍ അഭിപ്രായപ്പെടുന്നത്.
ഡെല്‍റ്റാ വകഭേദം നിലവില്‍ രാജ്യത്തുണ്ടെന്നും അത് ഇനിയും കൂടുതല്‍ അപകടകാരി യാകില്ലെന്നുമാണ് ഐ.സി.എം.ആര്‍ വിദഗ്ധന്‍ ചൂണ്ടിക്കാണിക്കുന്നത്.