Sunday, September 8, 2024

HomeMain Storyമാര്‍ത്തോമ്മാ സഭയുടെ നവ സഫ്രഗന്‍ മെത്രാപ്പൊലീത്താമാര്‍ അഭിഷിക്തതരായി

മാര്‍ത്തോമ്മാ സഭയുടെ നവ സഫ്രഗന്‍ മെത്രാപ്പൊലീത്താമാര്‍ അഭിഷിക്തതരായി

spot_img
spot_img

ആന്‍ഡ്രൂസ് അഞ്ചേരി

മാര്‍ത്തോമ്മാ സഭയിലെ സഫ്രഗന്‍ മെത്രാപ്പൊലീത്തമാരായി ഡോ. യുയാക്കിം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ണബാസ് എന്നിവര്‍ അഭിഷിക്തതരായി. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.

ജൂലൈ 18 രാവിലെ 9ന് സഭാ ആസ്ഥാനമായ പുലാത്തീനിലെ ചാപ്പലില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തപ്പെട്ട ശുശ്രൂഷയില്‍ മാര്‍ത്തോമ്മാ സഭയിലെ തിരുമേനിമാരോടൊപ്പം ഇതര സഭകളിലെ മേല്‍പ്പട്ടക്കാരും സന്നിഹിതരായിരുന്നു.

ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത കുന്നംകുളത്തെ അര്‍ത്താട്ട് മാര്‍ത്തോമ്മാ ഇടവകയില്‍ ഇട്ടിമാണി ഇട്ടിയച്ചന്റെയും ചീരന്‍ വീട്ടില്‍ സാറാമ്മയുടെയും മകനായി 1951 നവംബര്‍ 21 ന് ജനിച്ചു. എരുമപ്പെട്ടി ഗവണ്മെന്റ് ഹൈസ്കൂളിലും തേവര എസ്. എച് , ഇരിഞ്ഞാലക്കുട െ്രെകസ്റ്റ് കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു.

കോട്ടയം മാര്‍ത്തോമ്മാ വൈദിക സെമിനാരിയിലെ ദൈവ ശാസ്ത്ര പഠനത്തിന് ശേഷം 1978 ഏപ്രില്‍ 29ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയില്‍ ശെമ്മാശനായും, 1978 മെയ് 16ന് കശ്ശീശായായും പട്ടം കെട്ടപ്പെട്ടു. 1989 നവംബര്‍ 4ന് റമ്പാനായും, 1989 ഡിസംബര്‍ 9ന് യുയാക്കിം മാര്‍ കൂറിലോസ് എന്ന നാമധാരിയായി റവ. യുയാക്കീം ചീരന്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.

മാര്‍ത്തോമ്മാ സഭയുടെ പത്തനാപുരത്തുള്ള ആശാ ഭവന്‍ , ഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങള്‍ക്കായി തുടങ്ങിയ പിടവൂരിലെ റീഹാബിലിറ്റേഷന്‍ സെന്റര്‍ , കടലോരങ്ങളിലെ കുട്ടികളുടെ നല്ല വിദ്യാഭ്യാസത്തിനായി പള്ളിപ്പാട്ടുള്ള ദീപ്തി ബാലികാ ഭവന്‍, മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായി മാവേലിക്കരയിലുള്ള ജ്യോതിസ് , മേക്കൊഴൂരിലുള്ള ദീപം ബാലികാ ഭവന്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് പ്രാരംഭ നേതൃത്വം നല്‍കിയത് തിരുമേനിയാണ്.

അടൂരിലുള്ള മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ യൂത്ത് സെന്റര്‍ തിരുമേനിയുടെ ദീര്‍ഘവീക്ഷണത്തില്‍ ഉളവായതാണ്. സത്യവാടി, ഗാട്ജ്‌ഗേസ്വെര്‍, ഒറീസ്സയിലെ കലഹണ്ഡി മിഷന്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കും നേതൃത്വം വഹിച്ചു. നിലവില്‍ മാര്‍ത്തോമ്മാ സഭയുടെ കൊട്ടാരക്കര ഭദ്രാസനത്തിന്റെ അധ്യക്ഷന്‍ ആയി പ്രവര്‍ത്തിക്കുന്നു

ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അഞ്ചേരി ഇലയ്ക്കാട്ടുക്കടുപ്പില്‍ ഇ. വി . ജേക്കബിന്റെയും മാങ്ങാനം ചെമ്മരപ്പള്ളില്‍ സാറാമ്മയുടെയും മകനായി 1949 സെപ്റ്റംബര്‍ 8 ന് ജനിച്ചു. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും കോട്ടയം ബസേലിയോസ് കോളേജ് , സി.എം .സ്. കോളേജ് എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസവും . 1972 1976 കാലയളവില്‍ കല്‍ക്കട്ട ബിഷപ്പ്‌സ് കോളേജില്‍ ദൈവ ശാസ്ത്ര പഠനവും പൂര്‍ത്തീകരിച്ചു.

1976 മെയ് 29ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയില്‍ ശെമ്മാശനായും, 1976 ജൂണ്‍ 12 ന് കശ്ശീശായായും പട്ടം കെട്ടപ്പെട്ടു. 1993 ആഗസ്റ്റ് 31ന് റമ്പാനായും, 1993 ഒക്ടോബര്‍ 2 ന് ജോസഫ് മാര്‍ ബര്‍ന്നബാസ് എന്ന നാമധാരിയായി റവ. ജോസഫ് ജേക്കബ് മേല്‍പ്പട്ട സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.

ചെറുപ്പത്തില്‍ ജോസ്കുട്ടി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന തിരുമേനി അഞ്ചേരി ക്രിസ്‌റ്റോസ് മാര്‍ത്തോമ്മാ ഇടവകയിലും അഞ്ചേരി വിജ്ഞാനോദയം ബാലജന സഖ്യത്തിലും തന്റെ നേതൃപാടവം തെളിയിച് നാട്ടുകാരുടെ പ്രിയങ്കരനായി മാറിയിരുന്നു. 1968ല്‍ അഞ്ചേരി വിജ്ഞാനോദയം ബാലജന സഖ്യം കേരളത്തിലെ എറ്റവും നല്ല ബാലജന സഖ്യമായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അന്ന് അതിന്റെ സാരഥ്യം വഹിച്ചിരുന്നത് തിരുമേനിയായിരുന്നു.

പാദപീഠത്തിങ്കല്‍, തിരു നിവാസം എത്ര മനോഹരം, റൂട്‌സ് ആന്‍ഡ് വിങ്‌സ് ഓഫ് ഔര്‍ ലിറ്റര്ജി, വൈദിക മിത്രം, നിങ്ങള്‍ക്ക് ശുഭം വര്‍ധിക്കട്ടെ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിന് നേതൃത്വം നല്‍കി.

മൈ ലോര്‍ഡ്, മൈ ഗോഡ് എന്ന പേരില്‍ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ചരിത്രം ആവിഷ്ക്കരിക്കുന്നു ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചു. സഭയുടെ ലക്ഷിണറി കമ്മിറ്റി, ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ എന്നിവയുടെ നേതൃത്വം വഹിച്ചു. നിലവില്‍ മാര്‍ത്തോമ്മാ സഭയുടെ തിരുവനന്തപുരംകൊല്ലം ഭദ്രാസനത്തിന്റെ അധ്യക്ഷന്‍ ആയി പ്രവര്‍ത്തിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments