ന്യൂഡല്‍ഹി: ഇസ്രയേലി ചാര സോഫ്റ്റ്‌വേറായ ‘പെഗാസസ്’ ചോര്‍ത്തിയത് വമ്പന്‍മാരുടെ ഫോണുകള്‍, കൂടുതല്‍ മന്ത്രിമാരും പട്ടികയില്‍. ഭരണപക്ഷനേതാക്കളുടെയും സംഘപരിവാര്‍ നേതാക്കളുടെയും ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍.
പ്രതിപക്ഷാംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണ്‍വിവരം ചോര്‍ത്തിയെന്ന് ഞായറാഴ്ച പുറത്തുവിട്ട വാര്‍ത്താ പോര്‍ട്ടലായ ‘ദ വയര്‍’ തന്നെയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്. ഫോണ്‍ചോര്‍ത്തല്‍ അന്വേഷിച്ച 17 രാജ്യങ്ങളിലെ മാധ്യമങ്ങളുടെ കൂട്ടായ്മയിലെ ഇന്ത്യയിലെ പങ്കാളിയാണ് ‘ദ വയര്‍.’
പുതുതായി മോദി മന്ത്രിസഭയില്‍ അംഗമായ ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്, ജലശക്തിമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തലിന് ഇരയായെന്ന് കരുതുന്ന നമ്പറുകളുടെ പട്ടികയിലുണ്ട്. ഇവരുടെ അടുപ്പക്കാരുടെ നമ്പറുകളുമുണ്ട്. ഫോണ്‍ ചോര്‍ത്തലുണ്ടായിട്ടില്ലെന്ന് തിങ്കളാഴ്ച പാര്‍ലമെന്റില്‍ അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെതന്നെ ഫോണ്‍ നമ്പര്‍ പട്ടികയിലുണ്ടെന്ന വിവരമെത്തിയത്.
രണ്ടാംഘട്ട പട്ടികയിലുള്ള പല നമ്പറുകളും ഫൊറന്‍സിക് പരിശോധന നടത്തി ചോര്‍ത്തല്‍ സ്ഥിരീകരിച്ചവയല്ലെന്ന് വെളിപ്പെടുത്തലിലുണ്ട്. എങ്കിലും ഇവ നിരീക്ഷണത്തിലോ നിരീക്ഷിക്കാന്‍ സാധ്യതയുള്ളവയോ ആണ്.
2017ലാണ് അശ്വിനി വൈഷ്ണവിന്റെയും ഭാര്യയുടെയും ഫോണ്‍ നമ്പറുകള്‍ നിരീക്ഷിച്ചത്. വിനോദസഞ്ചാര, സാംസ്കാരിക വകുപ്പുകളില്‍ സ്വതന്ത്രചുമതലയില്‍ ഇരിക്കുമ്പോഴാണ് പ്രഹ്ലാദ് പട്ടേലിന്റെ ഫോണ്‍ നിരീക്ഷണത്തിലായത്.
ഇദ്ദേഹത്തിന്റെയും അടുപ്പക്കാരുടേതുമായി 18 ഫോണ്‍ നമ്പറുകളാണ് നിരീക്ഷണത്തിലുള്ളത്. ഭാര്യ, ഓഫീസ് ജീവനക്കാര്‍, പാചകക്കാര്‍, തോട്ടക്കാര്‍ തുടങ്ങി 15 പേരുടെ നമ്പറുകളുമുണ്ട്. രണ്ട് മന്ത്രിമാരുടെയും ഫോണുകള്‍ ഫൊറന്‍സിക് പരിശോധന നടത്തിയിട്ടില്ല.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മമതാ ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് ബാനര്‍ജി എം.പി., പ്രധാനമന്ത്രി നരേന്ദ്രമോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് അഭിപ്രായപ്പെട്ട മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ, വി.എച്ച്.പി. മുന്‍ ദേശീയ അധ്യക്ഷനും മോദി വിമര്‍ശകനുമായ പ്രവീണ്‍ തൊഗാഡിയ, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ വസുന്ധര രാജെയുടെ പേഴ്‌സണല്‍ സെക്രട്ടറി പ്രദീപ് അവസ്തി, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഒ.എസ്.ഡി. ആയിരുന്ന സഞ്ജയ് കൊച്രൂ, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരേ ലൈംഗികാരോപണമുന്നയിച്ച കോടതി ജീവനക്കാരി, അവരുടെ ഭര്‍ത്താവ്, സഹോദരങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ ഒമ്പത് ഫോണ്‍ നമ്പറുകള്‍.