Thursday, January 2, 2025

HomeNewsIndiaസഹകരണ സംഘങ്ങള്‍ സംസ്ഥാന വിഷയം, ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കി

സഹകരണ സംഘങ്ങള്‍ സംസ്ഥാന വിഷയം, ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കി

spot_img
spot_img

ന്യൂഡല്‍ഹി : സംസ്ഥാന സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനു കര്‍ശന വ്യവസ്ഥകള്‍ ബാധകമാക്കിയ ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കി.

സഹകരണ സംഘങ്ങള്‍ സംസ്ഥാന വിഷയമാണെന്നിരിക്കെ, ഭേദഗതിക്കു നിയമസഭകളുടെ അംഗീകാരം വേണമെന്ന ഭരണഘടനാ വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്ന് ജസ്റ്റിസ് റോഹിന്റന്‍ നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി.

യുപിഎ ഭരണകാലത്ത് 2012 ഫെബ്രുവരിയില്‍ പ്രാബല്യത്തിലായ 97–ാം ഭരണഘടനാ ഭേദഗതിക്കു 3 ഘടകങ്ങളാണുണ്ടായിരുന്നത് – സഹകരണ സംഘ രൂപീകരണം മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തി; സംഘ രൂപീകരണവും ജനാധിപത്യപരമായ നടത്തിപ്പും മറ്റും പ്രോത്സാഹിപ്പിക്കണമെന്നത് നിര്‍ദേശക തത്വങ്ങളുടെ ഭാഗമാക്കി; ഭരണഘടനയില്‍ 9ബി എന്ന ഭാഗം ചേര്‍ത്ത് സംസ്ഥാനങ്ങളിലെയും ഒന്നിലധികം സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സംഘങ്ങളുടെ പ്രവര്‍ത്തനത്തിനു വ്യവസ്ഥകള്‍ നിര്‍ദേശിച്ചു.

9ബി ഭാഗത്ത് അതതു സംസ്ഥാനങ്ങളില്‍ മാത്രമൊതുങ്ങുന്ന സഹകരണ സംഘങ്ങളെ സംബന്ധിച്ച വ്യവസ്ഥകള്‍ റദ്ദാക്കുന്നുവെന്നാണ് ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ബി.ആര്‍. ഗവായിയും വ്യക്തമാക്കിയത്. ഒന്നിലധികം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമുള്ള സഹകരണ സംഘങ്ങള്‍ക്കു ബാധകമാകുന്ന വ്യവസ്ഥകള്‍ നിലനില്‍ക്കും.

ബെഞ്ചിലെ ജസ്റ്റിസ് കെ.എം. ജോസഫ് ഇതിനോടു വിയോജിച്ചു. 9ബിയിലെ വകുപ്പുകളെല്ലാം പരസ്പര ബന്ധിതമാണെന്നും ചിലതു മാത്രം തനിച്ചുനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഈ ഭാഗം പൂര്‍ണമായി റദ്ദാക്കി. ഭൂരിപക്ഷ നിലപാടാകും നിലനില്‍ക്കുക.

97–ാം ഭേദഗതിക്കെതിരെ രാജേന്ദ്ര എന്‍.ഷാ എന്നയാള്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയില്‍, 9ബി ഭാഗം ഭരണഘടനാവിരുദ്ധമാണെന്നു 2013ല്‍ ഗുജറാത്ത് ഹൈക്കോടതി വിധിച്ചിരുന്നു. അതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതവിധി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments