ന്യൂഡല്‍ഹി: കൊവിഡിനേക്കാള്‍ മാരകമായ പക്ഷിപ്പനി വൈറസ് (ഏവിയന്‍ ഇന്‍ഫഌവന്‍സ എച്ച് 5 എന്‍1 ) ബാധിച്ച് ഇന്ത്യയില്‍ ആദ്യത്തെ മരണം ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശി സുശീല്‍ എന്ന 12 കാരന്‍ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ബാലന് പക്ഷിപ്പനി ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല.
ന്യൂമോണിയയും രക്താര്‍ബുദവും ബാധിച്ച ബാലനെ ജൂലായ് രണ്ടിനാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. അവിടത്തെ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായിരുന്നെങ്കിലും ഇന്‍ഫ്‌ലുവന്‍സ പോസിറ്റീവായി. തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് എച്ച് 5എന്‍1 സ്ഥിരീകരിച്ചത്.
ബാലനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ദേശീയ ദുരന്ത നിവാരണ സംഘം ഹരിയാനയിലെ സുശീലിന്റെ ഗ്രാമത്തിലെത്തി വൈറസ് ബാധ കണ്ടെത്താന്‍ പരിശോധന വ്യാപിപ്പിച്ചു.
ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം ആദ്യം പക്ഷിപ്പനിമൂലം ആയിരക്കണക്കിന് പക്ഷികള്‍ ചത്തൊടുങ്ങുകയും പതിനായിരക്കണക്കിന് വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു.
വൈറസിന്റെ ജനിതക വ്യതിയാനം രോഗപ്പകര്‍ച്ചയുണ്ടാക്കും. രോഗബാധയുള്ള പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായും സമ്പര്‍ക്കം, രോഗമുള്ള പക്ഷികളുടെ മാംസം, മുട്ട എന്നിവ വേവിക്കാതെ കഴിക്കുക, രോഗം മൂലം ചത്ത പക്ഷികളെ സുരക്ഷാമുന്‍കരുതല്‍ ഇല്ലാതെ കൈകാര്യം ചെയ്യുക തുടങ്ങിയവയിലൂടെ മനുഷ്യരില്‍ രോഗം ബാധിക്കാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതായി റിപ്പോര്‍ട്ടില്ല.