ന്യൂഡല്‍ഹി: പെഗസസ് ദുരുപയോഗിച്ചതിനു വിശ്വസനീയമായ തെളിവുകളുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് നിര്‍മാതാക്കളായ ഇസ്രയേല്‍ കമ്പനി എന്‍എസ്ഒ. വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്നാണു കമ്പനിയുടെ നിലപാട്.
പെഗസസിനെതിരായ മാധ്യമ ക്യാംപെയ്ന്‍ ചില പ്രത്യേക സംഘങ്ങളുടെ താല്‍പര്യ പ്രകാരം ഫോര്‍ബിഡന്‍ സ്‌റ്റോറീസ് നടപ്പാക്കിയതാണ്. 17 മാധ്യമ സ്ഥാപനങ്ങള്‍ ഞായറാഴ്ച മുതല്‍ പുറത്തുവിട്ട വിവരങ്ങള്‍ ഇതിന്റെ ഭാഗമാണെന്നാണു കമ്പനിയുടെ നിലപാട്.
സാങ്കേതിക വിദ്യ ദുരുപയോഗിച്ചതില്‍ വിശ്വസനീയമായ തെളിവുകളെക്കുറിച്ച് എന്‍എസ്ഒ കൃത്യമായി അന്വേഷിക്കുമെന്നു കമ്പനി വക്താവ് അറിയിച്ചു.
സ്‌പൈവെയറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഇസ്രയേല്‍ ഉന്നത സംഘത്തെ നിയോഗിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് എന്‍എസ്ഒയുടെ നീക്കം.
ചാരപ്രവര്‍ത്തനത്തിന് ഇരയാക്കപ്പെട്ടവരുടേതെന്ന രീതിയില്‍ പുറത്തുവന്ന ലിസ്റ്റും എന്‍എസ്ഒ തള്ളി. പെഗസസ് ലക്ഷ്യമിട്ടെന്നു പറഞ്ഞു പുറത്തുവരുന്ന പേരുകളെല്ലാം തെറ്റാണെന്നും കമ്പനി അറിയിച്ചു.
വിവിധ രാജ്യങ്ങളിലെ 10 പ്രധാനമന്ത്രിമാര്‍, മൂന്ന് പ്രസിഡന്റുമാര്‍, ഒരു രാജാവ് തുടങ്ങിയവരെയും പെഗസസ് ലക്ഷ്യമിട്ടിരുന്നെന്നാണു മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരം.
ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍, കേന്ദ്ര സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ എന്നിവരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ പെഗസസ് ഉപയോഗിച്ചെന്നാണ് ദ് വയര്‍ റിപ്പോര്‍ട്ട് ചെയ്തത്.