ആലപ്പുഴ : യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ (27) കോടതിയില്‍ കീഴടങ്ങാനെത്തിയ ശേഷം മുങ്ങി. ജാമ്യം ലഭിക്കാത്ത വകുപ്പും ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞാണു സെസി കോടതിയില്‍ ഹാജരാകാതെ കടന്നത്.
ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ടിനു മുന്നിലായിരുന്നു സെസി ഹാജരാകേണ്ടത്. പകരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന്റെ കോടതിയിലാണ് എത്തിയത്.
ജാമ്യം കിട്ടാത്ത വകുപ്പുണ്ടെന്നറിഞ്ഞപ്പോള്‍ കോടതിക്കു പിന്നിലെ വഴിയില്‍ നിര്‍ത്തിയിരുന്ന കാറില്‍ കയറി പോകുകയായിരുന്നു. ആലപ്പുഴയിലെ അഭിഭാഷകനോടൊപ്പമാണ് സെസി എത്തിയതെന്ന് അറിയുന്നു.
എല്‍എല്‍ബി ജയിക്കാതെ വ്യാജ വിവരങ്ങള്‍ നല്‍കി അഭിഭാഷകവൃത്തി നടത്തിയ സെസിയെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഒളിവിലായ കുട്ടനാട് രാമങ്കരി നീണ്ടിശേരിയില്‍ സെസി സേവ്യറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
സെസി മാര്‍ച്ചില്‍ നാടുവിട്ടെന്നാണു പൊലീസ് കരുതിയിരുന്നത്. എന്നാല്‍, അതിനുശേഷം നടന്ന ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലാണു ലൈബ്രേറിയനായി ജയിച്ചതെന്നും ഒരാഴ്ച മുന്‍പുവരെ ആലപ്പുഴയിലുണ്ടായിരുന്നുവെന്നും അഭിഭാഷകര്‍ പറഞ്ഞു.
ആള്‍മാറാട്ടം, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയാണു സെസിക്കെതിരെ കേസെടുത്തിട്ടുള്ളത്. സെസി അംഗത്വം നേടാന്‍ നല്‍കിയ രേഖകള്‍ ബാര്‍ അസോസിയേഷനില്‍നിന്നു നഷ്ടപ്പെട്ടതായി ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.