ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവിലാണ് യെദ്യൂരപ്പയുടെ രാജി. അധികാരത്തിലെത്തി രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് യെദ്യൂരപ്പയുടെ രാജി. ഇന്ന് യെദ്യൂരപ്പയുടെ സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷം പൂര്‍ത്തിയായാക്കുന്ന ചടങ്ങിലാണ് വികാരഭരിതനായി അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
വൈകുന്നേരം നാല് മണിക്ക് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പ്രസംഗത്തിനിടെ യെദ്യൂരപ്പ വികാരാധീനനാകുയും വിതുമ്പി കരയുകയും ചെയ്തു. നാല് തവണ മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്ക് നാല് തവണയും കാലാവധി പൂര്‍ത്തിയാക്കാതെ പടിയിറങ്ങേണ്ടി വന്നു.
‘അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് എന്നോട് കേന്ദ്രമന്ത്രിയാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഞാന്‍ കര്‍ണാടകത്തില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. സുദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ എല്ലാക്കാലവും എനിക്ക് അഗ്‌നിപരീക്ഷയായിരുന്നു’- യെദ്യൂരപ്പ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് തന്റെ രാജികാര്യത്തെ കുറിച്ച് യെദ്യൂരപ്പ തന്നെ ആദ്യം സൂചന നല്‍കിയത്. അധികാരത്തിലേറി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പറയുന്നത് എന്താണെങ്കിലും താന്‍ അനുസരിക്കുമെന്ന് നേരത്തെ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്ര മന്ത്രിമാരുമായി നടന്ന ചര്‍ച്ചയില്‍ രാജിവെക്കുന്നതിന് പകരമായി അദ്ദേഹം ചില ഉപാധികള്‍ മുന്നോട്ടുവച്ചതായി സൂചനയുണ്ടായിരുന്നു. ഇന്നലെ ഹൈക്കമാന്‍ഡ് തീരുമാനം ഉണ്ടാകുമെന്നും യെദ്യുരപ്പ പറഞ്ഞിരുന്നു.