ന്യൂഡല്‍ഹി: കര്‍ഷക സമരവും ലവ് ജിഹാദിന്‍െറ പേരിലുള്ള അക്രമവും ന്യൂനപക്ഷാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും ചര്‍ച്ച ചെയ്ത് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍.
പ്രഥമ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ബുധനാഴ്ച ഡല്‍ഹിയില്‍ വിവിധ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുമായി നടത്തിയ ചര്‍ച്ചയിലാണ് മോദി സര്‍ക്കാറിനെ അലോസരപ്പെടുത്തുന്ന വിഷയങ്ങള്‍ ഉയര്‍ന്നുവന്നത്.
ജനാധിപത്യ സമൂഹങ്ങളെല്ലാം വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ബ്ലിങ്കന്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയും അമേരിക്കന്‍ ജനതയും മനുഷ്യന്‍െറ അന്തസ്സിലും അവസര സമത്വത്തിലും നിയമവാഴ്ചയിലും മത സ്വാതന്ത്ര്യത്തിലും ഒരുപോലെ വിശ്വസിക്കുന്നുണ്ട്.
അഡ്വ. മനേക ഗുരുസ്വാമി, ഇന്‍റര്‍ഫെയ്ത്ത് ഫൗണ്ടര്‍ ഡോ. ഖ്വാജ ഇഫ്തികാര്‍ അഹ്മദ്, രാമകൃഷ്ണ മിഷന്‍, ബഹായ്, സിഖ്, ക്രിസ്ത്യന്‍ എന്‍.ജി.ഒകള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പൗരത്വഭേദഗതി നിയമം, ചില സംസ്ഥാനങ്ങള്‍ ലവ് ജിഹാദ് തടയാനെന്ന പേരില്‍കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം എന്നിവ സംബന്ധിച്ച ആവലാതികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിനിരയായതും പെഗസസ് ചാരവൃത്തിക്കിരയായതും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം തുടരുന്നതും ഉന്നയിക്കപ്പെട്ടു.
എന്നാല്‍ ചര്‍ച്ചയെക്കുറിച്ച് പ്രതികരിക്കാന്‍ അമേരിക്കന്‍ എംബസി വിസമ്മതിച്ചു. ചൈനക്ക് അതൃപ്തിയുണ്ടാക്കുന്ന നീക്കത്തില്‍ ദലൈലാമയുടെ പ്രതിനിധിയും സിവില്‍ സൊസൈറ്റി റൗണ്ട് ടേബ്ള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.