വാഷിങ്ടണ്‍: കൊറോണ വൈറസ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ !യു.എസില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കുന്നു. കോവിഡ് കൂടുതലുള്ള മേഖലകളില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് യു.എസ് ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി.
രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് യു.എസ് അധികൃതര്‍ മേയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. വൈറ്റ് ഹൗസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും മാസ്ക് ധരിച്ച് ജോലിക്കെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി യു.എസില്‍ കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്. രാജ്യത്ത് ആകെ 3,54,87,490 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 6,28,098 പേര്‍ മരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം യു.എസില്‍ 84,534 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 483 പേര്‍ മരിക്കുകയും ചെയ്തു. തൊട്ടുമുമ്പത്തെ ദിവസം 77,825 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.