ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശനത്തിന് ഒ.ബി.സി സംവരണം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍. 27 ശതമാനമായിരിക്കും സംവരണം.
ഇതിനൊപ്പം മൂന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ പി.ജി സീറ്റുകളിലും സംവരണം ബാധകമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
5500 വിദ്യാര്‍ഥികള്‍ക്കായിരിക്കും സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുക. ആകെ മെഡിക്കല്‍ സീറ്റുകളില്‍ 15 ശതമാനമാണ് അഖിലേന്ത്യ ക്വാട്ടയായി നല്‍കുന്നത്. ഈ സീറ്റുകളിലാണ് സംവരണം ബാധകമാവുക.
സാമൂഹ്യനീതിയില്‍ വലിയ മാറ്റങ്ങള്‍ സംവരണം മൂലം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചരിത്രപരമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തതെന്ന് ആരോഗ്യമന്ത്രാലയവും പ്രതികരിച്ചു.