ധന്‍ബാദ്: ജാര്‍ഖണ്ഡില്‍ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ഉയരുന്നത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ജാര്‍ഖണ്ഡ് ഹൈക്കോടതിയുമായി സംസാരിച്ചിട്ടുണ്ടെന്നും, വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.
ഇന്നലെയായിരുന്നു ധന്‍ബാദിലെ ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദ് വാഹനമിടിച്ച് മരിച്ചത്. പ്രഭാത സവാരിക്കിടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. ജഡ്ജിയെ ‘അജ്ഞാത വാഹനം’ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ ഒരു ടെമ്പോ ഇടിച്ചിടുകയായിരുന്നു. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോവുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഈ സമയം മറ്റു വാഹനങ്ങളൊന്നും റോഡിലുണ്ടായിരുന്നില്ല.
കൊലപാതകമാണെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞതെന്നും, അപകടമുണ്ടാക്കിയ വാഹനം ജഡ്ജിയെ ഇടിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മോഷ്ടിക്കപ്പെട്ടതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.