ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു വനിതാ വിഭാഗം സിംഗിള്‍സിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ടൂര്‍ണമെന്റിലെ ആറാം സീഡായ സിന്ധു നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ കീഴടക്കിയാണ് സെമി ഫൈനല്‍ ടിക്കറ്റെടുത്തത്.
നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍:2113, 2220. മത്സരം 56 മിനിട്ട് നീണ്ടു ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ മത്സരത്തിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്.
കഴിഞ്ഞ ഒളിമ്പിക്‌സില്‍ ഇതേ ഇനത്തില്‍ സിന്ധു വെള്ളിമെഡല്‍ നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.
റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള യമാഗുച്ചിയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനമാണ് സിന്ധു കാഴ്ചവെച്ചത്. എതിരാളിയുടെ ബലഹീനതകള്‍ കൃത്യമായി മനസ്സിലാക്കിയ സിന്ധു ആദ്യ ഗെയിം അനായാസം സ്വന്തമാക്കി.
എന്നാല്‍ രണ്ടാം ഗെയിമില്‍ യമാഗുച്ചി തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ കളി ആവേശത്തിലായി. ഒരു ഘട്ടത്തില്‍ ഗെയിം പോയന്റിന് സെര്‍വ് ചെയ്ത യമാഗുച്ചിയെ പിന്നില്‍ നിന്നും തിരിച്ചടിച്ച് സിന്ധു വീഴ്ത്തുകയായിരുന്നു. അങ്ങനെയാണ് രണ്ടാം ഗെയിം താരം 2220 ന് സ്വന്തമാക്കിയത്.
സെമി ഫൈനലിലും വിജയം സ്വന്തമാക്കിയാല്‍ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം എന്ന ചരിത്ര നേട്ടം സിന്ധുവിന് സ്വന്തമാകും. ഈ ഫോം തുടര്‍ന്നാല്‍ സിന്ധു ഇന്ത്യയിലേക്ക് സ്വര്‍ണവുമായി മടങ്ങും.