അമേരിക്കയില്‍ സ്വാതന്ത്ര്യദിന പരേഡിനിടെയില്‍ ഉണ്ടായ വെടിവെയ്പില്‍ ആറ് പേര്‍ മരിച്ചു. ജൂലൈ നാലിന് ചിക്കാഗോ ഹൈലന്‍ഡ് പാര്‍ക്കിലാണ് വെടിവെയ്പുണ്ടായത്. 30പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തില്‍ 22കാരനായ അക്രമി റോബര്‍ട്ട് ക്രീമോക്ക് പൊലീസ് പിടിയിലായി.
അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനമായിരുന്നു. അത്യാഹ്ലാദത്തോടെയും അഭിമാനത്തോടെയും സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതില്‍ പങ്കെടുക്കാനുമാണ് നൂറ് കണക്കിനാളുകള്‍ ഹൈലന്റ് പാര്‍ക്കിലെ തെരുവിലെത്തിയത്. പരേഡ് നടന്നുകൊണ്ടിരിക്കെയാണ് പെട്ടെന്ന് വെടിവെപ്പുണ്ടായത്. സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ പത്ത് മിനുറ്റോളം നിര്‍ത്താതെ വെടിയുതിര്‍ത്തതായാണ് വിവരം.
വെടിയൊച്ച കേട്ടതും ജനം പരിഭ്രാന്തരായി പലവഴിക്ക് ഓടി. ജൂലൈ 4 പരേഡ് താറുമാറായി. പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതന്‍ പരേഡിന് നേരെ വെടിയുതിര്‍ത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ആക്രമണത്തില്‍ പരിക്കേറ്റവരെ ഹൈലാന്‍ഡ് പാര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.