Friday, November 22, 2024

HomeMain Storyവെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ മരിച്ചു; അക്രമി കസ്റ്റഡിയിൽ

വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ മരിച്ചു; അക്രമി കസ്റ്റഡിയിൽ

spot_img
spot_img

ടോക്കിയോ:വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ (67) അന്തരിച്ചു. ജപ്പാന്‍ സമയം രാവിലെ പതിനൊന്നരയോടെയാണ് കിഴക്കന്‍ ജപ്പാനിലെ നരാ നഗരത്തില്‍ വച്ച് ആബെയ്ക്ക് വെടിയേറ്റത്.

പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിൽ ആബെ പ്രസംഗിച്ചുകൊണ്ടിരിക്കെ അക്രമി പിന്നിലൂടെയെത്തി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ്‌ അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു. ശ്വാസതടസ്സം, ഹൃദയത്തിന്റെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. എയര്‍ ആംബുലന്‍സില്‍ കയറ്റുമ്പോള്‍ തന്നെ ആബെയുടെ ശ്വാസം നിലച്ചിരുന്നതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

നരാ നഗരവാസിയായ മുന്‍ പ്രതിരോധസേനാംഗം (മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ്) തെത്സുയ യമാഗമി എന്ന നാല്‍പ്പത്തിയൊന്നുകാരനാണ് ആബെയെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നാണ് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ സ്വയം നിര്‍മിച്ച തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നു സൂചനയുണ്ട്.

ആദ്യം വെടിയൊച്ച കേട്ടെങ്കിലും ആബെ വീണില്ലെന്നും രണ്ടാമത് വലിയൊരു വെടിയൊച്ച കേട്ടതോടെ ആബെ വീഴുന്നതാണ് കണ്ടതെന്നും സ്ഥലത്തുണ്ടായിരുന്ന യുവതി പറഞ്ഞു. വെടിയൊച്ചയ്‌ക്കൊപ്പം പുകയും ഉയര്‍ന്നു. ആബെ വീണതോടെ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവര്‍ ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയെന്നും അവര്‍ വ്യക്തമാക്കി.

കുഴഞ്ഞുവീണ ആബെയുടെ കഴുത്തില്‍നിന്ന് രക്തം ഒലിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആബെയ്ക്ക് കാര്‍ഡിയോ-റെസ്പിറേറ്ററി അറസ്റ്റ് ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കി.

ഏറ്റവും കൂടുതൽ കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രിയാണ് ആബെ ഷിൻസോ. 2020ലാണ് അദ്ദേഹം പടിയിറങ്ങുന്നത്. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണു വെടിയേറ്റത്.

2006ലാണ് ആബെ ആദ്യമായി ജപ്പാന്റെ പ്രധാനമന്ത്രിയാകുന്നത്. ഒരു വർഷം അതു തുടർന്നു. 2012ൽ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടർന്നു. ഈ സമയങ്ങളിലെല്ലാം എൽഡിപിയുടെ അധ്യക്ഷനും ആബെയായിരുന്നു. 2012ൽ പ്രതിപക്ഷ നേതാവായും 2005 മുതൽ 2006 വരെ ചീഫ് കാബിനറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ സൃഹൃത്താണ് ആബെ.
ജപ്പാന്റെ അധോസഭയായ ഹൗസ് ഓഫ് റപ്രസന്റേറ്റിവ്‌സിലേക്ക് ആദ്യമായി 1993ലാണ് ആബെ തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് നിർണായക സ്ഥാനത്തെത്തുന്നത് 2005ൽ ചീഫ് കാബിനറ്റ് സെക്രട്ടറിയായതോടെയാണ്. തൊട്ടടുത്ത വർഷം ഡിസംബറിൽ എൽഡിപി പ്രസിഡന്റും ജപ്പാന്റെ പ്രധാനമന്ത്രിയുമായി. ഒരു വർഷത്തിനിപ്പുറം ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

2012ൽ പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയ അദ്ദേഹം എൽഡിപിയിലെ ഷിഗേരു ഇഷിബയെ തോൽപിച്ച് വീണ്ടും പാർട്ടി അധ്യക്ഷനായി. തൊട്ടടുത്ത വർഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് എൽഡിപി സ്വന്തമാക്കിയത്. 2014ലും 2017ലും ഈ വിജയം തുടർന്നതാണ് ജപ്പാനിൽ ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരിക്കാൻ ആബെയെ സഹായിച്ചത്. 2020 ഓഗസ്റ്റിൽ ആരോഗ്യനില വീണ്ടും മോശമായതോടെ രാജിവയ്ക്കേണ്ടി വന്നു. വീണ്ടും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമാകുന്നതിനിടെയായിരുന്നു വെടിയേറ്റത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments