ടോക്കിയോ: പൊതുപരിപാടിയില്‍ വച്ച് വെടിയേറ്റതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ് ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. ജപ്പാന്റെ പടിഞ്ഞാറന്‍ നഗരമായ നാരായില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കെയാണ് ആബേയ്ക്ക് നേരെ ആക്രമണമുണ്ടായത്. നെഞ്ചിനാണ് വെടിയേറ്റ അദ്ദേഹം രക്തത്തില്‍ കുളിച്ച് നിലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഹോംമെയ്ഡ് ഗണ്‍ കൊണ്ടാണ് അക്രമി ആബേയെ വെടിവച്ചത്. ഈ പശ്ചാത്തലത്തില്‍ ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായ ജപ്പാനിലെ തോക്ക് നിയമങ്ങളെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്
ഏറ്റവും കര്‍ശനമായ തോക്ക് നിയമങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍. പൊലീസിനും സൈന്യത്തിനും ഒഴികെ മറ്റാര്‍ക്കും തോക്ക് കൈവശം വയ്ക്കാന്‍ ജപ്പാനില്‍ അവകാശമില്ല. ഡ്യൂട്ടിയിലല്ലാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും തൊക്ക് കൈവശം വയ്ക്കാനാകില്ല. ജപ്പാനിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയാന്‍ കാരണമായി കണക്കാക്കുന്നതും രാജ്യത്തെ കണിശമായ തോക്ക് നിയമങ്ങളാണ്.
സാധാരണക്കാര്‍ക്ക് കൈത്തോക്കോ റൈഫിളോ വാങ്ങാന്‍ കഴിയില്ല. പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ച് എയര്‍ ഗണ്ണുകള്‍ മാത്രമാണ് ഇങ്ങനെ അനുവദിക്കുക. ഇങ്ങനെ അനുവാദം നല്‍കുന്നതിന് മുമ്പ് വ്യക്തിയുടെ പശ്ചാത്തലം കര്‍ശനമായി പരിശോധിക്കും. അപേക്ഷകന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിക്കുന്നതടക്കം പല ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കും.
ഷൂട്ടിംഗ് ടെസ്റ്റില്‍ 95 ശതമാനം കൃത്യത കൈവരിക്കുന്ന വ്യക്തികള്‍ക്ക് മാത്രമേ ഇവിടെ തോക്ക് വാങ്ങാന്‍ കഴിയൂ. ഇയാള്‍ ഒരു എഴുത്തുപരീക്ഷയും മാനസികാരോഗ്യ വിലയിരുത്തലും നടത്തി വിജയിക്കേണ്ടതുണ്ട്. എല്ലാ അനുമതികള്‍ക്കും ശേഷം മാത്രമേ തോക്കിനുള്ള ലൈസന്‍സ് നല്‍കൂ. ഇങ്ങനെ അനുവാദം നേടിയാലും മൂന്ന് വര്‍ഷം മാത്രമേ തോക്ക് കൈവശം വയ്ക്കാന്‍ സാധിക്കുകയൊള്ളു. അതിന് ശേഷം അത് തിരിച്ച് ഹാജരാക്കണമെന്നാണ് നിയമം.