ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് എന്‍വി രമണ ദ്രൗപതി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ദ്രൗപതി മുര്‍മു രജിസ്റ്ററില്‍ ഒപ്പുവെച്ചു.
ദ്രൗപതി മുര്‍മുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരാണ് സെന്‍ട്രല്‍ ഹാളിലേക്ക് ആനയിച്ചത്. കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലേക്ക് ജൂലൈ 21 നാണ് ദ്രൗപതി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനത്ത് എത്തുന്ന രാജ്യത്തെ ആദ്യത്തെ ഗോത്രവര്‍ഗ നേതാവാണ് ദ്രൗപതി മുര്‍മു. സ്വാതന്ത്ര്യാനന്തരം ജനിക്കുന്ന ആദ്യത്തെ പ്രസിഡന്റ് എന്ന നേട്ടവും ദ്രൗപതി മുര്‍മുവിനാണ്.
ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമാണ് ദ്രൗപതി മുര്‍മു. ഇന്ത്യയുടെ പ്രഥമ പൗരനാകുന്ന രണ്ടാമത്തെ മാത്രം വനിതയുമാണ് ദ്രൗപതി മുര്‍മു. അറുപത്തിനാല് ശതമാനം വോട്ട് നേടിയാണ് ജൂലൈ 21 ന് രാഷ്ട്രപതിസ്ഥാനത്തേക്ക് ദ്രൗപതി മുര്‍മു തിരഞ്ഞെടുക്കപ്പെട്ടത്.