Wednesday, January 15, 2025

HomeNewsKeralaകലാപത്തിന് ആഹ്വാനം ചെയ്‌തെന്ന്, ഇ ബുള്‍ ജെറ്റ് കൂട്ടാളികള്‍ക്കെതിരേയും കേസ്

കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന്, ഇ ബുള്‍ ജെറ്റ് കൂട്ടാളികള്‍ക്കെതിരേയും കേസ്

spot_img
spot_img

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോരന്‍മാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സമൂഹ മാധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനം ചെയ്തവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കൊല്ലത്തും ആലപ്പുഴയിലുമുള്ള രണ്ട് പേര്‍ക്കെതിരേയാണ് കേസെടുത്തത്. കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിന് മുന്നില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടംകൂടിയതിന് ഇവരുടെ 17 കൂട്ടാളികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

മോട്ടോര്‍ വാഹന വകുപ്പിന്റെയോ പോലീസിന്റെയോ നടപടിയില്‍ പരാതിയുണ്ടെങ്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാം. സമൂഹ മാധ്യമങ്ങളില്‍ യുവാക്കള്‍ യുക്തിരഹിതമായി പെരുമാറരുത്.

പ്രതികള്‍ ആംബുലന്‍സ് സൈറണ്‍ ദുരുപയോഗപ്പെടുത്തിയ സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ പോലീസ് മര്‍ദ്ദിച്ചുവെന്ന പരാതി പരിശോധിക്കുമെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.

അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട്. എന്നാല്‍ പരസ്യമായി അസഭ്യം പറയുന്നതും പോലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്നത് അടക്കമുള്ള സന്ദേശങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുന്നതും നിയമലംഘനമാണ്. ഇത്തരം സംഭവങ്ങളില്‍ 18 വയസിന് താഴെയുള്ള കുട്ടികളാണെങ്കില്‍ ജുവനൈല്‍ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും കമ്മീഷണര്‍ മുന്നറയിപ്പ് നല്‍കി.

അതേസമയം വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാന്‍ ഒരുക്കമാണെന്ന് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരായ എബിനും ലിബിനും ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അറിയിച്ചിരുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരില്‍ പോലീസ് കേസെടുത്തത്. പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിലെ 3(1) വകുപ്പ് പ്രകാരവും കേസുണ്ട്.

ഒമ്പതു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് മൂന്നു വര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 353-ാം വകുപ്പും ചുമത്തി. ഇവ രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.

മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ വധഭീഷണി മുഴക്കിയതിന് ഐ.പി.സി. 506, ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിന് ഐ.പി.സി. 341, അതിക്രമിച്ചു കയറിയതിന് ഒരു വര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 448 എന്നീ വകുപ്പുകള്‍ പ്രകാരവും ആറു മാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പോലീസ് ആക്ടിലെ സാംക്രമിക രോഗനിയന്ത്രണ നിയമപ്രകാരവും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

വാന്‍ലൈഫ് എന്ന പേരില്‍ വാനില്‍ യാത്രകള്‍ നടത്തുന്ന സഹോദരങ്ങള്‍ ഉപയോഗിക്കുന്ന ‘നെപ്പോളിയന്‍’ വാഹനം നിയമലംഘനത്തിന്റെ പേരില്‍ ശനിയാഴ്ചയാണ് ഗതാഗതവകുപ്പ് പിടിച്ചെടുത്തിരുന്നത്. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാനെന്ന പേരില്‍ തിങ്കളാഴ്ച രാവിലെ എത്തിയ ഇവര്‍ ആര്‍.ടി.ഒ. കണ്‍ട്രോള്‍ റൂമിലേക്ക് ഇരച്ചുകയറി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments