ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്–03ന്റെ വിക്ഷേപണം പരാജയപ്പെട്ടു. ഭൗമനിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.
ക്രയോജനിക് ഘട്ടത്തില്‍ ദൗത്യം പാളുകയായിരുന്നു. രണ്ടു തവണ മാറ്റിവച്ച വിക്ഷേപണം ആറു മാസത്തിനു ശേഷമാണു നടത്തിയത്. ആദ്യ രണ്ടു ഘട്ടങ്ങള്‍ വിജയമായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ 5.43നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് ഉപഗ്രഹ വിക്ഷേപണം നടത്തിയത്. വിക്ഷേപണം പൂര്‍ണവിജയമല്ല. തകരാറുകള്‍ ഉണ്ട്. വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
24 മണിക്കൂറും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയായിരുന്നു ഇഒഎസ് 03 ഉപഗ്രഹ വിക്ഷേപണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ദിവസവും നാലോ അഞ്ചോ തവണ രാജ്യത്തിന്റെ സമഗ്രവും വ്യക്തവുമായ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് ഇഒഎസ്–3യുടെ പ്രധാന ജോലി.
പ്രകൃതി ദുരന്തം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കുക, ജലാശയങ്ങളുടെ സ്ഥിതി, കൃഷി, വനം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കുക എന്നിവയും ദൗത്യങ്ങളായിരുന്നു.