തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമംഗമായ പിആര്‍ ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഒളിമ്പിക്‌സില്‍ പങ്കെടുത്ത മറ്റു മലയാളി താരങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കും.
രണ്ടു കോടി രൂപയ്‌ക്കൊപ്പം ശ്രീജേഷിന് ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കും. വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായാണ് സ്ഥാനക്കയറ്റം.
നിലവില്‍ ഡപ്യൂട്ടി ഡയറക്ടറാണ്. ഇക്കാര്യം ശ്രീജേഷിനെ ഔദ്യോഗികമായി അറിയിക്കുമെന്നും കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ശ്രീജേഷ് ഉള്‍പ്പെടെ ഒമ്പത് മലയാളികളാണ് ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്തത്. ലോങ് ജമ്പില്‍ എം ശ്രീശങ്കര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എംപി ജാബിര്‍, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി ഇര്‍ഫാന്‍, 4ഃ400 മീറ്റര്‍ പുരുഷ റിലേയില്‍ മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മ്മല്‍ ടോം, അമോജ് ജേക്കബ്, 4ഃ400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ അലക്‌സ് ആന്റണി, നീന്തലില്‍ സജന്‍ പ്രകാശ് എന്നിവരാണ് ടോക്യോയില്‍ മത്സരിച്ച മലയാളികള്‍.
നേരത്തെ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ശ്രീജേഷും ഇതേ ചോദ്യം നേരിട്ടിരുന്നു. പാരിതോഷികം പ്രഖ്യാപിക്കാത്ത വിഷയത്തില്‍ പ്രതികരിക്കുന്നില്ല എന്നായിരുന്നു ശ്രീജേഷിന്റെ മറുപടി.