ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളികളായ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഗാസിയാബാദ് ലോനി സ്വദേശി അമിര്‍ഖാന്‍, വാസിര്‍പുര്‍ സ്വദേശി രജ്മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു.
വ്യാഴാഴ്ച പുലര്‍ച്ചെ ഡല്‍ഹി ഖജൗരി ഖാസിലെ ശ്രീരാം കോളനിയിലാണ് പോലീസും ക്രിമിനല്‍ കേസ് പ്രതികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇരുവരും കോളനിയിലെ രഹസ്യകേന്ദ്രത്തിലുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് സംഘം ഇവിടേക്കെത്തിയത്.
തുടര്‍ന്ന് പ്രതികളുടെ താമസസ്ഥലം കണ്ടെത്തി മുറിയുടെ വാതില്‍ തുറക്കാനും കീഴടങ്ങാനും ആവശ്യപ്പെട്ടു. എന്നാല്‍ പോലീസിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച ഇരുവരും പോലീസ് സംഘത്തിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സമീപത്തെ മുറികളില്‍ താമസിച്ചിരുന്നവരെ പോലീസ് കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ചു.
ഏകദേശം ഒരുമണിക്കൂറോളമാണ് പ്രതികള്‍ കീഴടങ്ങുമെന്ന പ്രതീക്ഷയില്‍ പോലീസ് സംഘം കാത്തിരുന്നത്. ഇവര്‍ താമസസ്ഥലത്ത് നിന്ന് രക്ഷപ്പെടാതിരിക്കാന്‍ ചുറ്റിലും കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
തുടര്‍ന്ന് പ്രതികള്‍ സ്വമേധയാ പുറത്തേക്ക് വരില്ലെന്ന് കണ്ടതോടെ മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കാനായി പോലീസിന്റെ ശ്രമം. ഇതോടെ വീണ്ടും വെടിവെപ്പുണ്ടാവുകയും പോലീസ് തിരിച്ചടിക്കുകയുമായിരുന്നു.
വെടിവെപ്പില്‍ കോണ്‍സ്റ്റബിള്‍മാരായ സച്ചിന്‍ ഖോകര്‍, കാലിക് തോമര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍തന്നെ ജെ.പി.സി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയേറ്റ പിടികിട്ടാപ്പുള്ളികളെയും ഇതേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരിച്ചിരുന്നതായി ഡോക്ടമാര്‍ പറഞ്ഞു.
പ്രതികളുടെ താമസസ്ഥലത്തുനിന്ന് ഓട്ടോമാറ്റിക് പിസ്റ്റളുകള്‍, വെടിയുണ്ടകള്‍, വെടിമരുന്നുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ധരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.