Wednesday, October 9, 2024

HomeMain Storyനീതിക്ക് വേണ്ടി പോരാടുന്നത് കുറ്റകൃത്യമാണെങ്കില്‍ താന്‍ കുറ്റവാളിയാണെന്ന് രാഹുല്‍

നീതിക്ക് വേണ്ടി പോരാടുന്നത് കുറ്റകൃത്യമാണെങ്കില്‍ താന്‍ കുറ്റവാളിയാണെന്ന് രാഹുല്‍

spot_img
spot_img

ന്യൂഡല്‍ഹി: ശ്മശാനത്തില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് ചിത്രം പങ്കുവെച്ചതിന് തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്റര്‍ നടപടിക്കെതിരെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ബലാത്സംഗ ഇരയുടെ നീതിക്ക് വേണ്ടി പോരാടുന്നത് കുറ്റകൃത്യമാണെങ്കില്‍ താന്‍ കുറ്റവാളിയാണെന്ന് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

”അനുകമ്പയും സഹാനുഭൂതിയും കാണിക്കുന്നത് ഒരു കുറ്റകൃത്യമാണെങ്കില്‍ ഞാന്‍ കുറ്റവാളിയാണ്. ബലാത്സംഗ ഇരയുടെ നീതിക്ക് വേണ്ടി പോരാടുന്നത് കുറ്റകൃത്യമാണെങ്കില്‍ ഞാന്‍ കുറ്റവാളിയാണ്, അവര്‍ക്ക് നമ്മെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ തടയാന്‍ കഴിഞ്ഞേക്കാം; എന്നാല്‍, ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതില്‍നിന്ന് തടയാന്‍ ഒരിക്കലുമാകില്ല.

സ്‌നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും നീതിയുടെയും സന്ദേശം സാര്‍വത്രികമാണ്. 130 കോടി ഇന്ത്യക്കാര്‍ നിശ്ശബ്ദരാക്കാനാകില്ല” രാഹുല്‍ ഇന്‍സ്റ്റ പോസ്റ്റില്‍ പറഞ്ഞു.

രാഹുലിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതിനാല്‍, അദ്ദേഹത്തിന്‍റെ കുറിപ്പ് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി. ശ്രീനിവാസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

രാഹുലിനെതിരായ നീക്കത്തില്‍ പ്രതിഷേധിച്ച് നേരത്തെ ശ്രീനിവാസ് ഉള്‍പ്പെടെയുള്ള നിരവധി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തങ്ങളുടെ ട്വിറ്റര്‍ ഡിസ്‌പ്ലെ നെയിം ‘രാഹുല്‍ ഗാന്ധി’ എന്നാക്കി മാറ്റിയിരുന്നു.

രാഹുല്‍ ഗാന്ധിക്ക് പുറമെ മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സുര്‍ജേവാല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ അജയ് മാക്കന്‍, കെ.സി. വേണുഗോപാല്‍, ലോക്‌സഭ വിപ്പ് മാണിക്കം ടാഗോര്‍, അസം നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ്, മഹിള കോണ്‍ഗ്രസ് പ്രസിഡന്‍റ് സുഷ്മിത ദേവ് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും പൂട്ടിയിട്ടുണ്ട്.

പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിനെതിരെ കേന്ദ്രസര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതികരണം.

‘മോദിജി, നിങ്ങള്‍ക്ക് എന്തൊരു പേടിയാണ്. സത്യം, അഹിംസ, ജനങ്ങളുടെ ഇച്ഛാശക്തി എന്നിവ ഉള്‍ക്കൊണ്ട് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി കോണ്‍ഗ്രസ് പോരാടി. അപ്പോള്‍ ഞങ്ങള്‍ വിജയിച്ചു, വീണ്ടും വിജയിക്കും’ എന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലെ കുറിപ്പ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments