കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ കൂടുതല്‍ നഗരങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ ആയിരക്കണക്കിനാളുകളാണ് വീടുകള്‍ വിട്ട് സുരക്ഷിതത്വം തേടി കാബൂളിലേക്ക് പലായനം ചെയ്യുന്നത്. അവരില്‍ പലരും കിടന്നുറങ്ങുന്നത് ഉപേക്ഷിക്കപ്പെട്ട ഗോഡൗണുകളിലോ തെരുവുകളിലോ ആണ്.
ഒരുനേരത്തെ ഭക്ഷണം കണ്ടെത്താന്‍ പോലും വിഷമിക്കുകയാണ്. മരുന്നില്ല, കിടക്കാന്‍ ഇടമില്ല, വസ്ത്രം മാറിയുടുക്കാന്‍ പോലും കൈയിലില്ല.
സ്വന്തം വീടുകളിലേക്ക് തിരിച്ചുചെന്നാല്‍ മരണം മാത്രമാണ് മുന്നിലെന്ന് ബോധ്യമുള്ളതിനാല്‍ മാത്രം പരീക്ഷണത്തിന് തയാറാവുകയാണാ ജനക്കൂട്ടം. നഗരത്തില്‍ ഉള്‍പ്രദേശങ്ങളില്‍ അന്തിയുറങ്ങാന്‍ താല്‍കാലിക ക്യാമ്പുകള്‍ പണിയാനുള്ള ശ്രമത്തിലാണവര്‍.
താലിബാന്‍ വീട് ചാമ്പലാക്കിയതിനെ തുടര്‍ന്നാണ് ഭാര്യയെയും മക്കളെയും കൊണ്ട് കുന്ദൂസ് നഗരത്തിലെ കച്ചവടക്കാരനായിരുന്ന അസദുല്ല എന്ന 35 കാരന്‍ കാബൂളിലെത്തിയത്. ”തെരുവു കച്ചവടക്കാരനായിരുന്നു ഞാന്‍. വീട് താലിബാന്‍ റോക്കറ്റാക്രമണത്തില്‍ തകര്‍ത്തു. ഇപ്പോള്‍ കുട്ടികള്‍ക്ക് മരുന്നിനും ഒരുനേരത്തെ ഭക്ഷണം നല്‍കാനും പണമില്ല’അസദുല്ല പറയുന്നു.
തെരുവിലാണ് ഈ കുടുംബം രാത്രി തള്ളിനീക്കുന്നത്. ”നാട്ടില്‍ നല്ല രീതിയില്‍ ജീവിച്ചുവരികയായിരുന്നു. എല്ലാം താലിബാന്‍ ഇല്ലാതാക്കി. ബോംബാക്രമണത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടു.
ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമായി വീട് വിട്ടിറങ്ങിയതാണ് ഞങ്ങള്‍”കൂട്ടത്തിലെ മറ്റൊരു സ്ത്രീ അവരുടെ അവസ്ഥ വിവരിച്ചു. അഫ്ഗാനില്‍ താലിബാനും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെ കുടിയിറക്കപ്പെടുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പ്.
ജൂലൈയില്‍ മാത്രം 270,000 ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടുവെന്നാണ് യു.എന്‍ കണക്ക്. ദിവസങ്ങള്‍ക്കകം അഭയാര്‍ഥികളാകുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തോളം തദ്ദേശവാസികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.